‘ഇംഗ്ലീഷ് പരീക്ഷയെങ്കിലും ജയിക്കാനുറച്ച്’ ധോണിയും സംഘവും ഇന്നിറങ്ങും

single-img
9 July 2014

dhoni-cook-trophyനോട്ടിങ്ഹാം:  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30 മുതൽ ആരംഭിക്കും.  വിദേശമണ്ണിലെ തുടരന്‍പരാജയങ്ങളില്‍ മനംനൊന്ത ഇന്ത്യന്‍ ടീമിന് ഈ പരമ്പര അഗ്നിപരീക്ഷണമാണ്. 2011 ജൂണില്‍ വെസ്റ്റിന്‍ഡീസിനെ ജമൈക്കയില്‍ തോല്‍പിച്ചതിന് ശേഷം ഇതുവരെ ഇന്ത്യക്ക് വിദേശത്ത് ജയിക്കാന്‍ കഴിഞ്ഞില്ല. അതിനുശേഷം 14 ടെസ്റ്റുകളാണു വിവിധ വേദികളിലായി ഇന്ത്യ കളിച്ചത്. അതില്‍ പത്തിലും തോല്‍വിയായിരുന്നു ഫലം, നാലില്‍ സമനില.

ഇംഗ്ളണ്ടില്‍ കളിച്ച് പരിചയമുള്ള മൂന്നു താരങ്ങള്‍ മാത്രമേ ഇന്ത്യന്‍ സംഘത്തിലുള്ളൂ. ക്യാപ്റ്റന്‍ എം.എസ് ധോണി, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ എന്നിവരൊഴികെയുള്ളവര്‍ക്ക് ഇംഗ്ളീഷ് മണ്ണ് പുതുമയുള്ളതാണ്. വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കൊപ്പം ധോണിയിലുമാണ് ബാറ്റിങ് പ്രതീക്ഷ.

സ്റ്റുവര്‍ട്ട് ബിന്നിക്ക് ഇന്ന് അവസരം ലഭിച്ചേക്കും. മറ്റു പേസര്‍മാരായി ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമുണ്ടാകും.  അഞ്ച് മത്സരങ്ങള്‍ വീതമുള്ള ടെസ്റ്റ്- ഏകദിന പരമ്പരകളും ഒരു ട്വന്റി- ട്വന്റി മത്സരവുമാണ് പര്യടനത്തില്‍ ഉള്ളത്.

ടീം ഇന്ത്യ എം.എസ്. ധോണി (നായകന്‍), ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രോഹിത് ശര്‍മ, മുരളി വിജയ്, ഇഷാന്ത് ശര്‍മ, അജിന്‍ക്യ രഹാനെ, പങ്കജ് സിംഗ്, മുഹമ്മദ് ഷാമി, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരണ്‍.

ടീം ഇംഗ്ലണ്ട് അലിസ്റ്റര്‍ കുക്ക് (നായകന്‍), മൊയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോസ് ബട്ട്‌ലര്‍, മാറ്റ് പ്രയോര്‍, ഗാരി ബാലന്‍സ്, ഇയാന്‍ ബെല്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, സാം റോബ്‌സണ്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്.