10-)ം നമ്പറിനെ തള്ളി 11-)ം നമ്പര്‍ ചരിത്ര പുസ്തകത്തിലേക്ക്; ലോകകപ്പിലെ ഗോൾ വേട്ടയിൽ മിറോസ്ലാവ് ക്ലോസെ റൊണാള്‍ഡോയെ തള്ളി ഒന്നാമത്

single-img
9 July 2014

kloseബെലോ ഹൊറിസോണ്ടെ: ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ റൊണാള്‍ഡോയെ തള്ളി ഒന്നാമത്. റൊണാള്‍ഡോയുടെ 15 ഗോള്‍ എന്ന റെക്കോര്‍ഡാണ് ക്ലോസെ തകര്‍ത്തത്. ബ്രസീലിനെതിരെ ഇരുപത്തി മൂന്നാം മിനിറ്റിലായിരുന്നു മിറോസ്ലാവ് ക്ലോസെ എന്ന ജര്‍മ്മനിയുടെ 11-)ം നമ്പര്‍ താരം ചരിത്ര പുസ്തകത്തിലേക്ക് നടന്നു കയറിയ നിമിഷം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ് 16 ഗോളുകളോടെ ക്ലോസെ സ്വന്തമാക്കി.

4 ലോകകപ്പുകളിലെ 23 മത്സരങ്ങളില്‍ നിന്നാണ് ക്ലോസെയുടെ റെക്കോര്‍ഡ് നേട്ടം.  ഘാനയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ റൊണാള്‍ഡോയുടെ 15 ഗോള്‍ നേട്ടത്തിനൊപ്പമെത്തിയ ക്ലോസെ. ഒടുവില്‍ സെമി മത്സരത്തില്‍ ഒരുഗോള്‍ കൂടി നേടി ആ നേട്ടം സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഗോളുകളുടെയും ജര്‍മ്മന്‍ റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 133 മത്സരങ്ങളില്‍ നിന്ന് ജര്‍മ്മനിക്ക് വേണ്ടി ബൂട്ടണിഞ്ഞ ക്ലോസെ 71 തവണ ലക്ഷ്യം കണ്ടു.

കൂടാതെ ജർമ്മനിക്ക് ഇന്നലെ രണ്ട് റെക്കോര്‍ഡ് കൂടി ലഭിച്ചു ഒന്ന് ലോകകപ്പ് സെമിയിൽ ആദ്യപകുതിയിൽ കൂടുതൽ ഗോൾ നേടുന്ന ടീമെന്ന പദവിയും(5-0) മറ്റൊന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമെന്ന ഖ്യാതിയും. 222 ഗോൾ നേടിയ ജർമനി 220 ഗോൾ നേടിയ ബ്രസീലിനെയാണ് പിന്തള്ളിയത്.