ഇറാക്കില്‍ നിന്നും പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലെ കഷ്ടപ്പാടിനു നടുവിലേക്ക് തിരിച്ചുവന്ന സ്മിതാ മോള്‍ക്ക് ആദ്യ സഹായമായി സി.പി.എമ്മിന്റെ 3 ലക്ഷം രൂപ

single-img
8 July 2014

cpmഇറാക്കില്‍ നിന്നും പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലേക്ക് തിരിച്ചുവന്ന സ്മിതാമോള്‍ സുരേന്ദ്രന് ആദ്യ സഹായമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ മൂന്നു ലക്ഷം രൂപ. സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ.തോമസാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ വകയായി മൂന്നു ലക്ഷം രൂപയുടെ ചെക്ക് തിങ്കളാഴ്ച സ്മിതയ്ക്ക് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്മിതയുമായി ഫോണില്‍ സംസാരിക്കുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഇന്ന് ഈ ദരിദ്രകുടുംബത്തിന് വീടുവയ്ക്കാന്‍ സ്ഥലം കണ്ടെത്താനും വീട് നിര്‍മ്മിക്കാനും പണം തേടി നാട്ടുകാര്‍ ഞായറാഴ്ച രാവിലെ 10മുതല്‍ രംഗത്തിറങ്ങുകയാണ്. വിവിധ സംഘങ്ങളായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നാട്ടുകാരെത്തി സംഭാവന സ്വീകരിക്കുമെന്ന് ജനകീയ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിരിക്കുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലും വാര്‍ഡംഗം തുളസിദാസും പറഞ്ഞു.

കുറിച്ചിത്താനംമണ്ണയ്ക്കനാട് റോഡരികിലെ പുറമ്പോക്കിലാണ് മണ്‍കട്ടയാല്‍ നിര്‍മ്മിച്ച ഒറ്റമുറി വീട്. സ്മിതയുടെ അച്ഛന്‍ കൂലിപ്പണിക്കാരനായിരുന്ന തുരുത്തിക്കാട്ടേല്‍ സുരേന്ദ്രന്‍ മൂത്രാശയത്തിന് അര്‍ബുദം ബാധിച്ച് നാലു വര്‍ഷമായി ചികിത്സയിലാണ്. അമ്മ ഗോമതി, സ്മിതയ്ക്ക് ഓര്‍മ്മവയ്ക്കുംമുമ്പെ ആസ്തമ ബാധിച്ച് മരിക്കുകയായിരുന്നു. വളര്‍ത്തമ്മ ശാന്ത സന്ധിവാതവും ആസ്തമയുംമൂലം വിഷമമനുഭവിക്കുന്നു. സഹോദരി വത്സ നഴ്‌സിങ് അസിസ്റ്റന്റായി ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണ്.

കഷ്ടപ്പാടിനിടയിലും പലിശയ്ക്ക് കടം വാങ്ങി നല്‍കിയ രണ്ടു ലക്ഷത്തിലധികം രൂപ ഉപയോഗിച്ചാണ് സ്മിത ഇറാഖിന് പോയത്. വിദ്യാഭ്യാസവായ്പയായി എടുത്ത 1.15 ലക്ഷം രൂപ പലിശയടക്കം 1.65 ലക്ഷമായി ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇത് തിരികെ അടയ്ക്കാന്‍ നാലു മാസം മുമ്പ് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇറാഖില്‍ നാലരമാസം ജോലി ചെയ്തതിന്റെ ശമ്പളം ഇതുവരയ്ക്കും ലഭിച്ചിട്ടില്ല.

സ്വന്തം നാടിന്റെ സനേഹം തനിക്ക് ജീവിക്കാനുള്ള പ്രേരണനല്‍കുകയാണെന്ന് സ്മിത പറഞ്ഞു. സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് 09544168639 എന്ന നമ്പരില്‍ ബന്ധപ്പെടാം.

സ്മിതയുടെ അക്കൗണ്ട് വിവരങ്ങള്‍: സ്മിതാമോള്‍ എസ്. തുരുത്തിക്കാട്ടേല്‍, അക്കൗണ്ട് നമ്പര്‍ 20237126152, എസ്.ബി.ഐ. കുറവിലങ്ങാട് ശാഖ. ഐ.എഫ്.സി. കോഡ് എസ്ബിഐഎന്‍0012881.