തിരുവനന്തപുരം റീജീയണല്‍ ക്യാന്‍സര്‍ സെന്ററിന് തൊട്ടടുത്ത് മൊബൈല്‍ ടവര്‍ നിര്‍മ്മാണം; കണ്ടിട്ടും കാണാതെ ഭരണാധികാരികള്‍

single-img
8 July 2014

Cancerതിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി ചെയ്യുന്ന റീജീയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും കഷ്ടിച്ച് 100 മീറ്റര്‍ മാറി മൊബൈല്‍ ടവര്‍ നിര്‍മ്മാണം. മെഡിക്കല്‍ കോളേജ് ക്യാംപസിനോട് ചേര്‍ന്ന് കുമാരപുരം മോസ്‌ക് ലൈനില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പുതിയ മൊബൈല്‍ ടവറിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.

നിലവില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുശാസിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തിയാണ് ഇവിടെ ഇത്തരത്തില്‍ ഒരു നിര്‍മ്മാണം നടത്തുന്നത്. ഈ ടവര്‍ ഇവിടെയെത്തുന്ന കാന്‍സര്‍ രോഗികള്‍ക്കും ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളത് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.

മെഡിക്കല്‍ കോളേജ് കോംമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളായ ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍, എസ് എ ടി ആശുപത്രി, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍, പാത്തോളജി ലാബ്, എന്നിവ നിര്‍ദ്ദിഷ്ട ടവറിന് നൂറ് ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ നിരവധി കുട്ടികള്‍ പഠിക്കുന്ന മരിയന്‍ വില്ല ഐ സി എസ് ഇ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ഗവ. ഹൈസ്‌കൂള്‍ എന്നിവയോട് ചേര്‍ന്നുള്ള ടവര്‍ നിര്‍മ്മാണം ആശങ്കയുണര്‍ത്തുന്നു.

മോസ്‌ക് ലൈന്‍ റെസിഡന്‍സ് അസോസിയേഷന്‍, ജയ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, തോപ്പില്‍ ലൈന്‍, തോപ്പില്‍ നഗര്‍ എന്നിവിടങ്ങളിലെ നിവാസികള്‍ക്കും ഈ ടവര്‍ നിര്‍മ്മാണം ദോഷകരമാണ്. കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സാര്‍ത്ഥം എത്തുന്നവരുള്‍പ്പടെ നിരവധി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ഇത്തരം ടവര്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നത് തന്നെ സാധാരണ ജനത്തോടുള്ള വെല്ലുവിളിയാണ്.

ടവറിന്റെ നിര്‍മ്മാണം തടയാന്‍ മെഡിക്കല്‍ കോളേജ് പരിസരത്തുള്ള വിവിധ റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇതിനകം പ്രക്ഷോഭം തുടങ്ങികഴിഞ്ഞിട്ടുണ്ട്.