വിഴിഞ്ഞം പദ്ധതി മുന്നില്‍ കണ്ടുകൊണ്ട് തിരുവനന്തപുരം- കൊല്ലം ജില്ലകളില്‍ ക്രഷര്‍- ക്വാറി മാഫിയകള്‍ പിടിമുറുക്കുന്നു ; മാഫിയകള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഭരണകേന്ദ്രങ്ങളില്‍ നിന്നും നിര്‍ലോഭ സഹായം

single-img
7 July 2014

keralaസംസ്ഥാനത്തിന്റെ പ്രതീക്ഷയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിന്റെ അടയാളങ്ങള്‍ കാട്ടിത്തുടങ്ങിയ ഈ സമയമാണിത്. കാലകാലങ്ങളായി തിരുവനന്തപുരം നിവാസികളുടെ സ്വപ്‌നമായിരുന്ന ബൃഹത്പദ്ധതി കൈക്കുമ്പിളിലേക്ക് എത്താന്‍ ഒരുങ്ങി നില്‍ക്കുന്ന സമയം. നല്ല വാര്‍ത്തയാണതെങ്കിലും ഈ പദ്ധതിയുടെ മറവില്‍ നടക്കുന്ന അല്ലെങ്കില്‍ നടക്കാന്‍ പോകുന്ന വലിയൊരു നീക്കമുണ്ട്. പാരിസ്ഥിതിക നിയമങ്ങളെ കാറ്റില്‍ പറത്തി പണമെന്ന ലക്ഷ്യത്തിനു പിന്നാലെ മാത്രം പായുന്ന ക്വാറി- ക്രഷര്‍ മാഫിയയുടെ നീക്കം.

വഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം- കൊല്ലം ജില്ലകളെ കേന്ദ്രീകരിച്ചാണ് ഈ മാഫിയ പിടിമുറുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പ്രദേശത്തിനോട് അടുത്തുള്ള ജില്ലകളെന്ന നിലയിലാണ് ഇവര്‍ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നവര്‍ കക്ഷിരാഷ്ട്രീയഭേദമന്യേ ഈ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നുള്ളതാണ് ഈ രംഗത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

കരിങ്കല്‍ പാറകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ക്വാറികളാക്കിയും അതിനശേഷം പൊട്ടിച്ചെടുക്കുന്ന പാറ ക്രഷര്‍ യൂണീറ്റുവഴി പൊടിച്ച് എംസാന്റാക്കി കയറ്റുമതിചെയ്യുകയാണ് ഈ മാഫികളുടെ ലക്ഷ്യം. ഇതിനുവേണ്ടി ജില്ലകളിലെ പാറകൂടുതലുള്ളതും ആള്‍താമസം കുറഞ്ഞതുമായുള്ള പ്രദേശങ്ങള്‍ കണ്ടുപിടിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. അതിനുശേഷം പ്രസ്തുത പ്രദേശം വിലയ്ക്കുവാങ്ങുകയോ അതല്ലെങ്കില്‍ പാട്ടത്തിനെടുക്കുകയോ ചെയ്യും. ഇനിയൊരുപക്ഷേ വസ്തുവിന്റെ ഉടമയ്ക്ക് താല്‍പര്യമില്ലെങ്കില്‍ മാഫിയ അവരുടെ ലക്ഷ്യം കാണാന്‍ പലവഴികളും പ്രയോഗിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മിക്കപ്പോഴും അത് വേണ്ടി വരില്ല. മാഫിയ മുന്നോട്ടുവയ്ക്കുന്ന ‘മെഗാ ഓഫറി’നു മുന്നില്‍ മിക്കവരും വീണുപോയിരിക്കും.

രാഷ്ട്രീയ സ്വാധീനങ്ങള്‍ മാഫിയകള്‍ക്ക് വേണ്ടി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നുള്ളത് അതിനുശേഷമുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. ജില്ലകളിലെ പല പരിസ്ഥിതി- വിനോദ പ്രദേശങ്ങളും ഇങ്ങനെ ഇവരുടെ കയ്യിലാകുകയും അതുവഴി ഇവര്‍ പ്രകൃതിയെ തകര്‍ത്ത് ഇവരുടെ ലക്ഷ്യം നേടുന്നത് വെറും കാഴ്ചക്കാരായി നാട്ടുകാര്‍ക്ക് നോക്കിനില്‍ക്കേണ്ടി വരികയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് പലയിടത്തും സംജാതമായിരിക്കുന്നത്.

ക്വാറിയായിരുന്നാലും ക്രഷര്‍ ആയിരുന്നാലും പൊതുജനങ്ങളുടെ കണ്ണിന് മറയിട്ടുകൊണ്ട് സ്ഥാപിത താല്‍പര്യക്കാരെ കൂട്ടുപിടിച്ച് ചെയ്യുന്ന പ്രവൃത്തികള്‍ പരിസ്ഥിതിക്ക് വന്‍ ദോഷമാണ് വരുത്തി വയ്ക്കുന്നതെന്നുള്ള കാര്യം നിസംശയമാണ്. പഞ്ചായത്തിലും കാലാവസ്ഥ വകുപ്പിലും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലും ക്വാറി- ക്രഷര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ള പേപ്പറുകള്‍ നീങ്ങുമ്പോള്‍ അതിനുപിന്നില്‍ രാഷ്ട്രീയക്കാരുടെ സഹായം വളരെ വലുതാണ്. ഒടുവില്‍ എല്ലാം കഴിഞ്ഞ് പലസ്ഥലങ്ങളിലും ഇവരുടെ ക്വാറി- ക്രഷര്‍ യൂണീറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴായിരിക്കും നാട്ടുകാര്‍ ഇതിനെപ്പറ്റി അറിയുക.

ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും എതിരിടാന്‍ ഈ മാഫിയകള്‍ പഴയ രീതിതന്നെയാണ് പിന്‍തുടരുന്നത്. ഭീഷണി, മര്‍ദ്ദനം, കള്ളക്കേസ്… കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള മുക്കുന്നിമല സംരക്ഷണ സമിതിയുടെ വാഹന പ്രചരണ ജാഥയ്‌ക്കെതിരെ അക്രമം അഴിച്ചു വിട്ടത് മുക്കുന്നിമല ക്വാറിയിലെ ഡ്രൈവര്‍മാരായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കാര്യങ്ങള്‍ അറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുമ്പോള്‍ അവരുടെ നീക്കങ്ങള്‍ അറിയുവാനും അതിനെതിരെ എതിര്‍നീക്കം നടത്തുവാനും വേണ്ടി ആ നാട്ടിലെതന്നെ ചിലരെ പണത്തിന്റെ ബലത്തില്‍ ഈ മാഫിയകള്‍ കൂടെക്കൂട്ടാറുണ്ട്. ജോലിയും പണവുമൊക്കെ വാഗ്ദാനം ചെയ്ത് ഇവരെ കൂടെക്കൂട്ടുന്നതു വഴി ജനകീയ സമിതികളുടെ നീക്കങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ എളുപ്പത്തില്‍ ഇവര്‍ക്ക് കഴിയുന്നു.

ഇ-വാര്‍ത്തയുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ്. ഇത് ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം കേന്ദ്രീകരിക്കുന്ന ഒരു ശ്രമമല്ല. പല സ്ഥലങ്ങളിലും പലരൂപത്തില്‍ ഈ മാഫിയകള്‍ വലവിരിച്ചിരിക്കുകയാണ്. ജലദൗര്‍ലഭ്യം പോലുള്ള പാരസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മുമ്പുണ്ടായിരുന്ന പല കുന്നും മലകളും ഇപ്പോള്‍തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം- കൊല്ലം ജില്ലകളിലെ പ്രധാന പരിസ്ഥിതി പ്രദേശങ്ങളെ കൈയേറി ഭരണ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഒത്താശയോടെ പ്രകൃതി ചൂഷണം നടത്തുന്നവര്‍ക്കെതിരെ ഒരന്വേഷണം വരും ദിവസങ്ങളില്‍ വായിക്കുക.