നോക്കുകൂലി ചോദിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി.ഐ.ടിയു നേതാവ് അറസ്റ്റില്‍ സംഭവം സമ്പൂര്‍ണ്ണ നോക്കുകൂലി വിമുത് ജില്ലയില്‍

single-img
7 July 2014

cituഭക്ഷ്യ സുരക്ഷാ കമ്മീഷണറും വിനോദസഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ടി.വി. അനുപമ ഐ.എ.എസിനോട് നോക്കുകൂലി ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ നേതാവ് അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ കേശവദാസപുരം ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) യൂണിറ്റ് കണ്‍വീനര്‍ കോവില്‍വിള കടയില്‍വീട്ടില്‍ ബി. മുരളി (38)യെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു നാലുപേര്‍ക്കെതിരേക്കൂടി കേസെടുത്തതായി മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. ചെയ്യാത്ത ജോലിക്കു നോക്കുകൂലി അവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ ഒന്നരയാഴ്ചയോളം തുടര്‍ച്ചയായി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണു കേസെടുത്തത്.

ഭക്ഷ്യസുരക്ഷാ കമ്മീഷണറായി തിരുവനന്തപുരത്തേക്കു കണ്ണൂരില്‍നിന്നു സ്ഥലംമാറി എത്തിയ അനുപമ, കേശവദാസപുരം ദേവസ്വം ലെയിനിലെ വാടകവീട്ടിലേക്കു കഴിഞ്ഞ ജൂണ്‍ 26നാണു വീട്ടുപകരണങ്ങളുമായെത്തിയപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവ അനുപമയുടെ ബന്ധുക്കള്‍ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ തടസ്സം സൃഷ്ടിക്കാനെത്തിയ മുരളിയുടെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികള്‍ ലോറിയില്‍ അവശേഷിച്ച ഒരു വാഷിംഗ്‌മെഷീന്‍ മാത്രമാണ് ഇറക്കിയത്.

ശേഷം വന്‍തുക നോക്കുകൂലിയായി ആവശ്യപ്പെട്ടെങ്കിലും അത്രയും പണം നല്‍കാന്‍ അനുപമ തയാറായില്ല. ഇതേത്തുടര്‍ന്നു ദിവസവും മുരളിയും പ്രവര്‍ത്തകരും വീട്ടിലെത്തി അനുപമയെയും ബന്ധുക്കളെയും വീട്ടുടമസ്ഥനെ യും ഭീഷണിപ്പെടുത്തിയതായി പോലീസി ല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞിട്ടും ഭീഷണി തുടര്‍ന്നതായും മുഖ്യമന്ത്രിയായാലും നോക്കുകൂലി വാങ്ങുമെന്ന് വീമ്പിളക്കിയതായും അനുപമ പരാതിയില്‍ പറയുന്നു. ഭീഷണി അസഹ്യമായതിനെത്തുടര്‍ന്നു അനുപമ പരാതി നല്‍കുകയായിരുന്നു.

സമ്പൂര്‍ണ്ണ് നോക്കുകൂടി വിമുക്ത ജില്ലയായ തലസ്ഥാന ജില്ലയിലെ ഈ സംഭവം ദൗര്‍ഭാഗ്യകരമായെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.