കാത്തിരിപ്പിന് അവസാനമായി; നഴ്‌സുമാര്‍ കേരളമണ്ണിലിറങ്ങി

single-img
5 July 2014

nursകാത്തിരുന്ന ബന്ധുജനങ്ങളില്‍ ആശ്വാസപുഞ്ചിരി വിടര്‍ത്തി ഇറാക്കി വിമതര്‍ വിട്ടയച്ച മലയാളി നഴ്‌സുമാര്‍ കേരളത്തിലെത്തി. രാവിലെ 11.55-നാണ് നഴ്‌സുമാരെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. നഴ്‌സുമാരെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചാലക്കുടി എംപി ഇന്നസെന്റും അടക്കമുള്ള പ്രമുഖരും വിമാനത്താവളത്തിലെത്തിയിരുന്നു.

പുലര്‍ച്ചെ 4.05-നാണ് 46 നഴ്‌സുമാരും മറ്റ് 137 ഇന്ത്യക്കാരുമായി ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. ദുബായിലായിരുന്നു വിമാനം ഇന്ധനം നിറയ്ക്കാന്‍ ഇറക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് സാധിക്കാത്തതിനാലാണ് മടങ്ങിവരവ് മുംബൈ വഴി തീരുമാനിച്ചത്. മുംബൈയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷം കൊച്ചിയിലെത്തുന്ന വിമാനം തുടര്‍ന്ന് ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കും പോകുമെന്നാണ് നിലവില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കൊച്ചിയില്‍ എത്തുന്ന നഴ്‌സുമാര്‍ക്ക് എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ഒരുക്കിയിട്ടുണ്ട്. വിശ്രമത്തിനുള്ള സ്ഥലവും വീട്ടിലേയ്ക്ക് മടങ്ങാന്‍ വാഹനവും ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര ആവശ്യത്തിനായി നഴ്‌സുമാര്‍ക്ക് കൊച്ചിയില്‍ എത്തുന്ന ഉടന്‍ നോര്‍ക്ക 5,000 രൂപ വീതം നല്‍കും.