പാചകവാതകവിലയിൽ ഞെട്ടി നിൽകുന്ന കേരളത്തിന് കോയമ്പത്തൂര്‍ കോര്‍പറേഷൻ മാതൃക ആകുന്നു

single-img
5 July 2014

21646_593769അടിക്കടി വര്‍ധിപ്പിക്കുന്ന പാചകവാതകവിലയിൽ ഞെട്ടി നിൽകുന്ന കേരളത്തിന് കോയമ്പത്തൂര്‍ കോര്‍പറേഷൻ മാതൃക ആകുന്നു. കക്കൂസ്മാലിന്യത്തില്‍നിന്നുള്ള മീഥേന്‍ ഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്ന കമ്യൂണിറ്റി കിച്ചണ്‍ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ തുടക്കംകുറിച്ചു. ഇതിന്റെ പൈലറ്റ് പ്രോജക്ടാണ് കോയമ്പത്തൂര്‍ കാമരാജര്‍നഗറിലേത്.

 

കക്കൂസ്മാലിന്യവും മറ്റ് ജൈവമാലിന്യവും ഉപയോഗിച്ചാണ് പദ്ധതിക്കാവശ്യമായ ഗ്യാസ് ഉത്പാദിപ്പിക്കുന്നത്. കോയമ്പത്തൂര്‍ കോര്‍പറേഷന്‍ ആറാംവാര്‍ഡിലെ 40 കുടുംബങ്ങള്‍ക്കായാണ് ഈ പൊതു അടുക്കള. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന കാമരാജര്‍നഗറില്‍ ഇനി ഗ്യാസിന്റെ വിലക്കയറ്റത്തെച്ചൊല്ലി ആളുകള്‍ക്ക് ആശങ്കയില്ല. നൂറ് വീടുകളിലേക്കുള്ള പാചകമത്രയും കമ്യൂണിറ്റി കിച്ചണിലെ അടുപ്പുകളിലാണ്.

 

ഇവിടത്തെ പൊതുകക്കൂസുകളുടെ സെപ്റ്റിക്ടാങ്കില്‍നിന്ന് ബയോഗ്യാസ് പ്ലാന്റിലേക്ക് പൈപ്പ് കണക്ട്‌ചെയ്തിരിക്കയാണ്. പച്ചക്കറികളുടേതുള്‍പ്പെടെ അഴുകുന്ന മറ്റു മാലിന്യമിടാനുള്ള ടാങ്ക് വേറെയുണ്ട്. ടാങ്കുകളില്‍ വീഴുന്ന മാലിന്യത്തില്‍നിന്ന് 41 ദിവസംകൊണ്ട് മീഥേന്‍ വാതകം ഉത്പാദിപ്പിക്കപ്പെടും. ഇതാണ് പാചകവാതകമാക്കി മാറ്റുന്നത്. നിര്‍മല്‍ ബയോജെന്‍ ടെക് എന്ന സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

 

17.80 ലക്ഷം രൂപ ചെലവിട്ടു. 600 ചതുരശ്രയടിവരുന്ന കെട്ടിടമാണ് സമൂഹ അടുക്കളയ്ക്കായി നിര്‍മിച്ചത്. ഒരേസമയത്ത് 14 പേര്‍ക്ക് പാചകംചെയ്യാം. പ്രദേശത്തെ നൂറോളം കുടുംബങ്ങളിലെ മാലിന്യമത്രയും പദ്ധതിക്കായി വിനിയോഗിക്കുന്നു. നിലവില്‍ ക്യൂ വ്യവസ്ഥയിലാണ് വീട്ടമ്മമാര്‍ കമ്യൂണിറ്റി കിച്ചണ്‍ ഉപയോഗിക്കുന്നത്. രാവിലെ 4 മുതല്‍ 11 വരെയും വൈകീട്ട് 3 മുതല്‍ 9 വരെയും പൊതു അടുക്കളയില്‍ കുക്കിങ്ഗ്യാസ് ലഭ്യമാവും. പ്രതിമാസം 2 പാചകവാതക സിലിന്‍ഡര്‍ വരെ ഉപയോഗിക്കുന്ന തങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നും ഗ്യാസിനായി ചെലവിടുന്ന തുകയില്‍ നല്ല കുറവുവരുത്താനാകുമെന്നും കമ്യൂണിറ്റി കിച്ചണില്‍ പാചകം തുടങ്ങിയ വീട്ടമ്മമാർ പറയുന്നു.