ജര്‍മ്മനി തുടര്‍ച്ചയായി നാലാം തവണയും ലോകകപ്പിന്റെ സെമിയില്‍ കടന്നു

single-img
5 July 2014

fifa-world-cupറിയോഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പ്‌ ക്വാർട്ടറിൽ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജര്‍മ്മനി തുടര്‍ച്ചയായി നാലാം തവണയും ലോകകപ്പിന്റെ സെമിയില്‍ കടന്നു.  13-ാം മിനിട്ടില്‍ മാറ്റ്‌ ഹമ്മല്‍സാണ്‌ ജര്‍മനിയെ മുന്നില്‍ക്കടത്തിയത്‌. ടോണി ക്രൂസെടുത്ത ഫ്രീകിക്ക്‌ ഉജ്വല ഹെഡറിലൂടെ വലയ്‌ക്കുള്ളിലാക്കുകയായിരുന്നു ഹമ്മല്‍സ്‌.

34-ാം മിനിട്ടില്‍ സമനില പിടിക്കാന്‍ ഫ്രാന്‍സിന്‌  അവസരം കിട്ടിയെങ്കിലും ഗോളി മാനുവല്‍ ന്യൂയര്‍ ജര്‍മനിയുടെ രക്ഷകനായി. വരാനെയുടെ ലോംഗ്‌ബോള്‍ സ്വീകരിച്ച ഗ്രീസ്‌മാന്‍ പന്ത്‌ പെനാല്‍റ്റി ബോക്‌സിലേക്കു മറിച്ചു.  വാല്‍ബ്യുവേനയുടെ ഇടംകാല്‍ പ്രഹരം ന്യൂയര്‍ ആയാസപ്പെട്ട്‌ ഇടംകൈകൊണ്ട്‌ തട്ടിത്തെറിപ്പിച്ചു. റീബൗണ്ട്‌ ചെയ്‌തെത്തിയ പന്തിന്‍മേല്‍ കരിം ബെന്‍സെമ ഷോട്ട് ഹമ്മല്‍സിന്റെ ശരീരത്തില്‍ട്ടി പുറത്തേക്കു പോയി.

42-ാം മിനിട്ടില്‍ പാട്രിസ്‌ എവ്‌റയുടെ ക്രോസിന്‌ ബെന്‍സെമ തലവച്ചെങ്കിലും ഹമ്മന്‍സ്‌ വീണ്ടും രക്ഷകനായി.   കൂടാതെ 75, 77 മിനിറ്റുകളിലെല്ലാം ഫ്രാന്‍സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

പതിമൂന്നാമത്തെ തവണ ലോകകപ്പ് സെമിയിലെത്തി ചരിത്രം കുറിച്ച ജര്‍മ്മനി ഈ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമെന്ന ബഹുമതിക്കും അര്‍ഹരായി.