നഴ്‌സുമാരെ മോചിപ്പിച്ചു; നഴ്‌സുമാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍

single-img
4 July 2014

10484506_10152964020047119_3030184385120125522_nഒടുവില്‍ ശുഭവാര്‍ത്ത. മൊസൂളില്‍ നിന്ന് നഴ്‌സുമാരെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമതര്‍ കൊണ്ടുപോകുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരിച്ചു. നഴ്‌സുമാരെ കൊണ്ടുവരുന്നതിനായി മൂന്ന് വിമാനങ്ങള്‍ തയാറാക്കിനിര്‍ത്തിയിരിക്കുന്നതായും വിവരം ഉണ്ട്. തിരുവനന്തപുരത്തും ഡല്‍ഹിയിലും ദുബൈയിലുമാണ് വിമാനം തയാറാക്കി നിര്‍ത്തിയിരിക്കുന്നത്.നഴ്‌സുമാരെ നേരിട്ട് കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം.

 

തിക്രിത്തിലെ ആസ്പത്രിയില്‍ കുടുങ്ങിക്കിടന്ന 46 നഴ്‌സുമാരെയും വിമതര്‍ വ്യാഴാഴ്ച രാത്രി മൊസൂളിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് എല്ലാവരെയും വിട്ടയയ്ക്കാമെന്ന വാഗ്ദാനം നല്‍കിയത്. സൗമ്യമായി പെരുമാറിയ വിമതര്‍ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ നഴ്‌സുമാരെ അനുവദിച്ചിരുന്നു. 

 

 നഴ്‌സുമാരെ പാര്‍പ്പിച്ചിരുന്ന  കെട്ടിടത്തില്‍ വെള്ളിയാഴ്ച  വിമതര്‍ ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തുകൊള്ളാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള മൊസൂളില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഇര്‍ബില്‍ വിമാനത്താവളം. കുര്‍ദ്ദുകളുടെ ശക്തികേന്ദ്രമാണ് പ്രദേശം.

ന്യൂഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നഴ്‌സുമാരുടെ മോചനം സംബന്ധിച്ച് പലതവണ ചര്‍ച്ച നടത്തിയിരുന്നു.