ഇങ്ങനെയും ഒരാള്‍; കടല്‍ക്ഷോഭത്തില്‍ വീടില്ലാതായ മൂന്ന് കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി പകുത്തു നല്‍കിയ പോലീസുകാരന്‍

single-img
4 July 2014

Lesliവീട് നിന്നിടം കടലെടുത്തതോടെ പുറക്കാട് എസ്.വി.ഡി.യു.പി. സ്‌കൂളിലെ ഒറ്റ മുറിക്കുള്ളില്‍ ജീവിതം തളയ്ക്കപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി അവനെത്തി. എറണാകുളം പള്ളുരുത്തി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ലെസ്ലി അഗസ്റ്റിന്‍. തന്റെ ഭുമിയില്‍ നിന്നും ഒമ്പത് സെന്റ് ഈ അശരണര്‍ക്ക് പകുത്ത് നല്‍കി കാക്കിക്കുള്ളിലെ ഹൃദയം തന്റെ മനഷ്യസ്മനഹം വിളിച്ചറിയിച്ചിരിക്കുന്നു.

മാരാരിക്കുളം പൊള്ളേതൈയില്‍ തന്റെ ഭാര്യ ജയശ്രീയുടെ പേരില്‍ വാങ്ങിയ 35 സെന്റ് ഭൂമിയില്‍ നിന്നും ഒമ്പത് സെന്റാണ് ഇവര്‍ക്ക് വീടുവയ്ക്കാനായി ലെസ്ലി ഇഷ്ടദാനമായി നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് വീടുവെച്ചുകൊടുക്കുന്ന കാര്യത്തില്‍ ഇതുവരയ്ക്കും അധികൃതരുടെ ഭാഗത്തു നിന്നും തീരുമാനമുണ്ടായിട്ടില്ല എന്നുള്ളതാണ് ഖേദകരം. അതിനുവേണ്ടിയും ലെസ്ലി തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതികളില്‍പ്പെടുത്തി ഇവര്‍ക്ക് വീട് വച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശവുമുണ്ടായിട്ടുണ്ട്.

പുറക്കാട് പതിനേഴാം വാര്‍ഡിലെ രാജീവ് കുമാറും ഭാര്യ ശ്രീകുമാരിയും ശ്രീക്കുട്ടി, ശ്രുതി എന്നീ രണ്ടു പെണ്‍കുട്ടികളുമടങ്ങിയതാണ് ലെസ്ലിയുടെ കാരുണ്യത്തിന് പാരതമായ ഒരു കുടുംബം. ഉദയകുമാര്‍ ഭാര്യ കാമിനി മകന്‍ എട്ടുവയസുകാരന്‍ കൃഷുമാണ് രണ്ടാമത്തെ കുടുംബം. പതിനെട്ടാം വാര്‍ഡില്‍ താമസിച്ചിരുന്ന ലൈലയും കുഞ്ഞുമുഹമ്മദുമാണ് മറ്റൊരു കുടുംബം.

2012 ലെ കാലവര്‍ഷത്തില്‍ കടലെടുത്ത ഇവരുടെ വീടിനും സ്ഥലത്തിനും പകരമായി സ്വപ്‌നതുല്യമായ സഹായവുമായെത്തിയ ലെസ്ലി അഗസ്റ്റിന്റെ പ്രവര്‍ത്തികളെ വര്‍ണ്ണിക്കുവാന്‍ ഇവര്‍ക്ക് വാക്കുകളില്ല. നന്മ നഷ്ടപ്പെടുന്ന സമൂഹത്തിന് വഴികാട്ടിയായി മാറട്ടെ ഈ പോലീസകാരന്റെ കാരുണ്യ പ്രവൃത്തിയെന്ന് സന്തേഷ കണ്ണീരിനിടയില്‍ ഇവര്‍ പ്രത്യാശിക്കുന്നു.