കിരീടം സിനിമയിലെ ആ പാലം ഓര്‍മ്മയില്ലേ?; ഇടിഞ്ഞു തകര്‍ന്ന ആ പാലത്തിന് ശാപമോക്ഷമായി

single-img
4 July 2014

Kireeമലയാളസിനിമയ്ക്കും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിനും വഴിത്തിരിവായ ചിത്രമാണ് കിരീടം. ചിത്രം ഇറങ്ങി രജതജൂബിലി കഴിഞ്ഞെങ്കിലും ഇന്നും സേതുമാധവനും കീരിക്കാടന്‍ ജോസുമൊക്കെ പ്രേക്ഷക മനസ്സില്‍ പച്ച പിടിച്ച് നില്‍ക്കുകയാണ്.

കിരീടം സിനിമയുടെ ഭൂരിഭാഗം ഷൂട്ടിംഗും തിരുവനന്തപുരം ജില്ലയിലാണ് നടന്നത്. അതില്‍ വെള്ളായണിയായിരുന്നു പ്രധാന ലൊക്കേഷന്‍. കിരീടത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ അതിലൊരു ഭാഗമായി മാറാനുള്ള അവസരം കൈവന്ന വസ്തുവാണ് വെള്ളായണിയിലെ ആ പാലം. കിരിടം റിലീസായതിനുശേഷം ആ പാലം കിടീടം പാലം എന്നറിയപ്പെട്ടു തുടങ്ങി.

കിരീടം പുറത്തിറങ്ങി ഇരുപത്തിയഞ്ചു വര്‍ഷം കടന്നുപോയപ്പോള്‍ കിരീടം പാലത്തിന്റെ സ്ഥിതി ദയനീയമായ കാര്യം വാര്‍ത്തയായിരുന്നു. കൈവരികള്‍ തകര്‍ന്ന് സിമന്റിളകിയ അവസ്ഥയിലായിരുന്നു പാലം. സംഭവം വാര്‍ത്തയായതോടെ പാലം അറ്റകുറ്റപ്പണികള്‍ നടത്താന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

10 ലക്ഷം രൂപയാണ് ഇതിനായി അധികൃതര്‍ വകയിരുത്തിയിരിക്കുന്നത്. പാലത്തിന്റെ തനിമ നഷ്ടപ്പെടാതെ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. കിരീടവും ചെങ്കോലുമുള്‍പ്പെടെയുള്ള ഏറെ ചിത്രങ്ങള്‍ക്ക് സാന്നിദ്ധ്യമായ പാലത്തിന് ഒടവില്‍ ശാപമോക്ഷം ലഭിച്ച വാര്‍ത്ത സിനിമാസ്വാദകരെ സന്തോഷിപ്പിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.