ചോദിച്ചത് ബോംബ് ഭീഷണിയുണ്ടോയെന്ന്; കേട്ടത് ബോംബ് വെച്ചിട്ടുണ്ടെന്ന്: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കിയ സംഭവത്തില്‍ ഫോണ്‍ചെയ്ത മലയാളി യുവാവിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

single-img
2 July 2014

airindia-pilots-sickബോംബുഭീഷണി ഭയന്നു കൊച്ചിയില്‍നിന്നു ഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം ബാംഗളൂരില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതുമായി ബന്ധപ്പെട്ടു ഡല്‍ഹി പോലീസ് മലയാളി യുവാവിനെ ചോദ്യംചെയ്തു. പിന്നീടു വിട്ടയച്ചു.

ഇടുക്കി അടിമാലി സ്വദേശിയും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നയാളുമായ കെ.ബി. പ്രതീഷിനെയാണ് പോലീസ് ചോദ്യംചെയ്തത്. വിമാനത്താവളം അധികൃതര്‍ നല്‍കിയ വിവരമനുസരിച്ചാണു ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതീഷിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ അന്വേഷണ വിഭാഗത്തിലേക്കു വിളിച്ചതു താനാണെന്നും എന്നാല്‍ താന്‍ ഭീഷണിയൊന്നും മുഴക്കിയിട്ടില്ലെന്നും പ്രതീഷ് പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന സുഹൃത്തിനെ ഫോണില്‍ കിട്ടാതായപ്പോള്‍ വിമാനം വൈകുന്നതെന്താണെന്നും ഭീഷണി വല്ലതുമുണേ്ടായെന്നും തിരക്കുക മാത്രമായിരുന്നുവെന്നുമാണു പ്രതീഷിന്റെ മൊഴി. പ്രതീഷിന്റെ മൊഴി സത്യമാണെന്നു സുഹൃത്തും വിമാനത്തിലെ യാത്രക്കാരിയുമായിരുന്ന പത്തനംതിട്ട സ്വദേശിനി ടിജി തോമസും പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വിമാനത്താവളം അധികൃതര്‍ക്കുണ്ടായ തെറ്റിദ്ധാരണ മൂലമുള്ള പ്രശ്‌നങ്ങളാണ്. താന്‍ സഞ്ചരിച്ച വിമാനം വൈകുന്നതിനാല്‍ താന്‍ വിദേശത്തുള്ള അമ്മയ്ക്കു വിമാനം വൈകുന്നതിന്റെ കാരണം അന്വേഷിക്കാന്‍ പ്രതീഷിനോടു പറയണമെന്ന് മൊബൈലില്‍ ഒരു സന്ദേശം അയച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്നു പ്രതീഷ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഫോണ്‍ ചെയ്ത് വിമാനം വൈകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ബോംബുഭീഷണിയുടെ പശ്ചാത്തലത്തിലാണോ വിമാനം വൈകുന്നതെന്നും പ്രതീഷ് ചോദിച്ചു.

വിമാനത്താവളത്തില്‍ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥന്‍ പക്ഷേ ഇതു ബോംബ് ഭീഷണി എന്നു തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണു വിവരം. യുവതി പറഞ്ഞ ഇതേ കാര്യങ്ങള്‍ തന്നെയാണു പ്രതീഷും പോലീസിനോടും വെളിപ്പെടുത്തിയത്.