കൊങ്കണ്‍പാതയില്‍ മണ്‍സൂണ്‍ സമയക്രമം ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തിലാവും

single-img
1 July 2014

heavy-monsoon_0കൊങ്കണ്‍പാതയില്‍ മണ്‍സൂണ്‍ സമയക്രമം ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തിലാവും. മണ്‍സൂണ്‍ സമയക്രമം കാരണം ചില വണ്ടികള്‍ നേരത്തേ പുറപ്പെടുകയും ചിലത് ലക്ഷ്യസ്ഥാനത്ത് വൈകിയുമായിരിക്കും ഇനി മുതൽ എത്തുക .അതിൽ ചിലത് ഇങ്ങനെ നേത്രാവതി എക്‌സ്പ്രസ്സ് മുംബൈയില്‍നിന്ന് കാലത്ത് 11.40-ന് പുറപ്പെടുമെങ്കിലും തിരുവനന്തപുരത്ത് അടുത്ത ദിവസം വൈകീട്ട് 7.25-ന് ആയിരിക്കും എത്തുക.

 
ഗരീബ്രഥ് മുംബൈയില്‍നിന്ന് വൈകീട്ട് 4.55-ന് പുറപ്പെട്ട് കൊച്ചുവേളിയില്‍ അടുത്തദിവസം രാത്രി 11-നായിരിക്കും എത്തുക. ഇതേ സമയക്രമം തന്നെയായിരിക്കും എല്‍.ടി.ടി.-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സും പാലിക്കുക. പുണെ-എറണാകുളം എക്‌സ്പ്രസ്സ് പുണെയില്‍ നിന്ന് വൈകീട്ട് 6.45-ന് പുറപ്പെട്ട് എറണാകുളത്ത് അടുത്തദിവസം രാത്രി 10.20-ന് എത്തും. എല്‍.ടി.ടി.-എറണാകുളം തുരന്തോ രാത്രി 8.50-ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 8.15-ന് എറണാകുളത്തെത്തും. രാത്രി 11.10-ന് പുറപ്പെടുന്ന പുണെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ്സ് അടുത്തദിവസം പുലര്‍ച്ചെ 4.10-നായിരിക്കും എറണാകുളത്തെത്തുക.

 
അതേസമയം കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇത്തവണയും കൊങ്കണ്‍ റെയില്‍വേ ഈ റൂട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഹ സ്റ്റേഷനടുത്തുള്ള കോലാട് മുതല്‍ മംഗലാപുരം സ്റ്റേഷന് സമീപമുള്ള തോക്കൂര്‍ വരെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പ്രത്യേക പെട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്തമഴയുള്ള അവസരങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടി ഓടിക്കാനാണ് ലോക്കോ പൈലറ്റുമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

 

കഴിഞ്ഞ പത്തുവര്‍ഷമായി ഏര്‍പ്പെടുത്തിയ സുരക്ഷാസംവിധാനങ്ങള്‍ അപകടങ്ങളുണ്ടാക്കില്ലെന്ന നിഗമനത്തില്‍ ഇത്തവണ മണ്‍സൂണ്‍ സമയക്രമം വേണ്ടെന്നായിരുന്നു കൊങ്കണ്‍ റെയില്‍വേ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഔദ്യോഗികമായി കൊങ്കണ്‍ റെയില്‍വേ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, യാത്രക്കാരുടെ സുരക്ഷാ പ്രശ്‌നത്തില്‍ ഒരു തരത്തിലും അയവുവരുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ വര്‍ഷകാലത്ത് മണ്‍സൂണ്‍ സമയക്രമം പാലിച്ചേ വണ്ടി ഓടിക്കാവൂവെന്ന റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശമാണ് മണ്‍സൂണ്‍ സമയക്രമം പ്രഖ്യാപിക്കാന്‍ കാരണം.

 

ഇത്തവണ മഴ വൈകിയപ്പോള്‍ കൊങ്കണ്‍പാതയില്‍ മണ്‍സൂണ്‍ സമയക്രമവും വൈകുകയായിരുന്നു. കഴിഞ്ഞവര്‍ഷംവരെ ജൂണ്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു മണ്‍സൂണ്‍ സമയക്രമം. ഇത്തവണ ഇത് ജൂലായ് ഒന്നുമുതല്‍ സപ്തംബര്‍ 30 വരെയാണ്.