ദശപുഷ്പങ്ങള്‍

single-img
1 July 2014
ഡോ. നിഷ എല്‍. ആര്‍

ഔഷധസസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തില്‍ ജനങ്ങള്‍ക്ക് സുപരിചിതമായവ വളരെക്കുറച്ചു മാത്രമേയുള്ളു. സംഖ്യയോട് ചേര്‍ത്ത് പറയുന്ന ഒരുകൂട്ടം ഔഷധ സസ്യങ്ങളെ ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഉദാഹരണങ്ങളായി ദശപുഷ്പങ്ങള്‍, ദശമൂലങ്ങള്‍, ത്രിഫല, ത്രികടു എന്നിവ
ദശപുഷ്പങ്ങള്‍ എന്നാണ് പേരെങ്കിലും ഈ പത്തുകൂട്ടം ഔഷധ സസ്യങ്ങളുടെ പുഷ്പങ്ങള്‍ മാത്രമല്ല, ഇവ സമൂലം തന്നെയാണ് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. വേദങ്ങളില്‍ ിവയുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്. ഹിന്ദു പുജാദികര്‍മ്മങ്ങളില്‍ വളരെ വിശിഷ്ട സ്ഥാനമാണ് ദശപുഷ്പങ്ങള്‍ക്കുള്ളത്. പണ്ടെക്കെ തിരുവതിര നാളില്‍ അതിരാവിലെ സ്ത്രീകള്‍ സ്‌നാനാദികര്‍മ്മങ്ങള്‍ ചെയ്ത് തലയില്‍ ദശപുഷ്പം ചൂടാറുണ്ടായിരുന്നു. പക്ഷേ ഇന്ന് ദശപുഷ്പങ്ങള്‍ ഏതെല്ലാമാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും.
മുക്കുറ്റി, മുയല്‍ചെവിയന്‍, പൂവാംകുരുന്നില, കറുക, ചെറൂള (ബലിപ്പൂവ്), കയ്യോന്നി, ഉഴിഞ്ഞ, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങള്‍ എന്ന മപരില്‍ ആയുര്‍വേദത്തില്‍ പ്രശസ്തമായ സസ്യങ്ങള്‍. ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ ഇവയ്ക്ക് ഓരോന്നും അതിന്റേതായ പങ്ക് വൈദ്യശാസ്ത്രത്തില്‍ വഹിക്കുവാനുണ്ട്.

വിഷ്ണുക്രാന്തി

വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി എന്നീ പേരുകളിലറിയപ്പെടുന്ന ഈ സസ്യം നീലനിറത്തിലുള്ള പൂവുകളോടുകൂടി നിലത്ത് പറ്റിപ്പിടിച്ചാണ് വളരുന്നത്. രക്തശുദ്ധിയുണ്ടാകുന്നതിനും ബുദ്ധി വര്‍ദ്ധിക്കുന്നതിനും അനുയോജ്യമായഒരു ഔഷധമാണ് വിഷ്ണുക്രാന്തി.

നിലപ്പന


ഈന്തപ്പന തൈയുടെ ഒരു ‘നാനോ’ രൂപമാണ് നിലപ്പനയ്ക്ക്. മഞ്ഞപ്പൂക്കളോടുകൂടി നിലത്ത് പറ്റിപ്പിടിച്ചാണ് ഇത് വളരുന്നത്. മണല്‍പ്രദേശത്ത് വളരുവാനാണ് ഇവയ്ക്ക് കൂടുതല്‍ താല്‍പര്യം. സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്, ധാതുക്ഷയം, ക്ഷീണം എന്നിവയ്ക്ക് നല്ലൊരു ഔഷധമാണ്.

മുക്കുറ്റി


പുളിയിലയോട് സാമ്യമുള്ള ഇലകളോടുകൂടി നിലത്ത് പറ്റിച്ചേര്‍ന്നു വളരുന്ന ഒരു സസ്യമാണ് മുക്കുറ്റി. നാട്ടിന്‍പുറങ്ങില്‍ സാധാരണയായി കണ്ടുവരാറുള്ള ഇതിന്റെ പൂക്കള്‍ക്ക് മഞ്ഞനിറവും കോളാമ്പി ആകൃതിയുമാണ്. സമൂലം ഔഷധയോഗ്യമാണ് മുക്കുറ്റി. തേള്‍, കടന്നല്‍ തുടങ്ങിയവയുടെ വിഷബാധയേറ്റാല്‍ മുക്കുറ്റി അരച്ച് ലേപമിടുന്നത് നല്ലതാണ്. ചുമ, കഫക്കെട്ട്, വയറിളക്കം തുടങ്ങിയവയ്ക്കും സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന ഉപദ്രവരോഗങ്ങള്‍ക്കും മുക്കുറ്റി ഉത്തമ ഔഷധമാണ്.

മുയല്‍ചെവിയന്‍


മുയലിന്റെ ചെവിയുടെ ആകൃതിയിലുള്ള ഇലകളോടുകൂടിയ ഔഷധ സസ്യമാണിത്. ഇലയുടെ അടിയിലും തണ്ടിലും വെളുത്ത രോഗങ്ങള്‍ ഉണ്ടായിരിക്കും. പൂവാംകുരുന്നിലയുടെ പൂക്കളോട് സാമ്യമുള്ള പൂവുകളാണ് മുയല്‍ ചെവിയന്റേത്. ടോണ്‍സിലെറ്റിസിന് ഉത്തമ ഔഷധമാണ്. തൊണ്ടവേദന ഉള്ളപ്പോള്‍ പുറമേ ലേപനം ചെയ്താല്‍ വേദനയ്ക്ക് ആശ്വാസമുണ്ടാകും. തുടര്‍ച്ചയായി അണുബാധയുണ്ടാകുന്നവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ അരച്ച് ഉള്ളില്‍ കഴിക്കുന്നത് നല്ലതാണ്.

പൂവാംകുരുന്നില


പൂവാംകുറന്തലിന്റെ താഴെയുള്ള ഇലകള്‍ വലിപ്പമുള്ളവയും മുകളിലേത് വലിപ്പം കുറഞ്ഞവയുമാണ്. ഇതിന്റെ സമൂലം ഔഷധയോഗ്യമാണ്. പനി, മൂത്രതടസ്സം, വിഷം, ചെങ്കണ്ണ് ഇവയ്ക്ക് ഉത്തമ ഔഷധമാണിത്. പണ്ട് കാലത്ത് കണ്‍മഷിയുണ്ടാക്കുന്നതിന് ഇവയുടെ നീര് ഉപയോഗിച്ചിരുന്നു.

കറുക


ദുര്‍വ്വം എന്നതാണ് കറുകയുടെ സംസ്‌കൃത നാമം. വിഘ്‌ന നാശകനായ ഗണപതിക്ക് പ്രിയപ്പെട്ടതാണ് കറുകമാല. അടിമുടി ഔഷധയോഗ്യമായ ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധസസ്യമാണ് കറുക. കറുക വെണ്ണ ചേര്‍ത്തരച്ചെടുത്ത് വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ ശമനമുണ്ടാകും. ത്വക്ക് രോഗങ്ങള്‍, താരന്‍ എന്നിവ ശമിക്കുന്നതിനായി കറുക ചേര്‍ത്ത് കാച്ചിയെടുക്കുന്ന ഒരു വിശേഷപ്പെട്ട എണ്ണയാണ് ദുര്‍വ്വാദികേരം.

ചെവുള


വെളുത്ത ചെറിയ പുഷ്പങ്ങളുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുള. പിതൃതര്‍പ്പണത്തിനായി ഉപയോഗിക്കുന്ന പൂവുകളില്‍ ഒന്നാണിത്. സ്ത്രീരോഗങ്ങള്‍ക്ക് ചെറുളയുടെ നീര് തേന്‍ചേര്‍ത്ത് സേവിക്കുന്നത് ഉത്തമമാണ്.

കയ്യോന്നി


കൈതോന്നി എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഒരു ഏകവര്‍ഷച്ചെടിയാണ്. തലമുടി വളര്‍ച്ചയ്ക്ക് കയ്യോന്നി എണ്ണകാച്ചി തേയ്ക്കുന്നത് ഉത്തമമാണ്.കയ്യോന്നി നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസം മുട്ടല്‍ എന്നിവ ശമിക്കും. ഇതിന്റെ ചാറ് നസ്യം ചെയ്താല്‍ പീനസത്തിന് (Sirusities) ശമനമുണ്ടാകും. നീലാഞ്ജനക്കല്ല് ശുദ്ധിചെയ്യുന്നത് കയ്യോന്നി നീരില്‍ ഏഴുതവണ അരച്ചുണക്കിയാണ്.

ഉഴിഞ്ഞ


ഒരുആരോഹി (Climber) സസ്യമായ ഉഴിഞ്ഞ സമൂലമായും ഇല, വിത്ത്, മവര് ഇവ പ്രത്യേകമായും ഉപയോഗിക്കുന്നു.ഉഴിഞ്ഞയില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം മുടി കഴുകുന്നത് മുടി വളര്‍ച്ചയ്ക്കും മുടിക്ക് തിളക്കം കിട്ടുന്നതിനും ത്തമമാണ്. മലബന്ധം, വയറുവേദന എന്നീ അസുഖങ്ങള്‍ ശമിക്കുന്നതിന് ഉഴിഞ്ഞ കഷായം ഇട്ട് ണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി സേവിക്കുക.

തിരുതാളി


പടര്‍ന്നുപോകുന്ന ത്രികോണാകൃതിയിലുള്ള ഇലകളോട് കൂടിയ ഒരു സസ്യമാണ് തിരുതാളി. വന്ധ്യതാ നിവാരണത്തിന് തിരുതാളി സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്നു. ഗര്‍ഭാശയ രോഗങ്ങള്‍ ശമിപ്പിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

ആയുര്‍വേദ ശാസ്‌ത്രോക്തിയാണ് ജഗത്യേവമനൗഷധം. അതായത് ജഗത്തിലുള്ളവയെല്ലാം ഔഷധമാണ്. ഔഷധമല്ലാത്തതായി ഒന്നും തന്നെയില്ല. പക്ഷേ അവ യുക്തമായി ഉപയോഗിക്കണം.