അബ്ദുറബ്ബിന്റെ പച്ചബോര്‍ഡും ഹര്‍ഷ വര്‍ദ്ധന്റെ ആര്‍ഷഭാരതവും

single-img
28 June 2014

സുധീഷ്‌ സുധാകര്‍

അബ്ദുറബ്ബ് എന്ന വിദ്യാഭ്യാസമന്ത്രി അധികാരമേറ്റ നാള്‍ മുതല്‍ വിവാദങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്.പല വിവാദങ്ങളും ടിയാന്റെ പക്വതയില്ലായ്മയും സമൂഹത്തെ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മയും കൊണ്ടുണ്ടാകുന്നത് തന്നെയാണ്.എന്നാല്‍ ഈ വിവാദങ്ങളുടെ ചുവടുപിടിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന അവകാശവാദങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും തികഞ്ഞ മുസ്ലിം വിരോധം പ്രദര്‍ശിപ്പിക്കുന്നവയുമാണ്.നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതെയിരിക്കുന്നതും ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്.എന്നാല്‍ മന്ത്രി വരുമ്പോള്‍ പച്ചബ്ലൌസ് ധരിച്ചു നില്‍ക്കണം എന്ന് ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് ഒരു വിവാദത്തിനു ആവശ്യമായ എല്ലാ ചേരുവകളും അടങ്ങിയ ഒന്ന് തന്നെയാണ് എന്ന് പറയാതെയിരിക്കാനും നിവൃത്തിയില്ല.ഒരു ബിജെപി മന്ത്രി വരുമ്പോള്‍ കാവി ബ്ലൌസ് അണിഞ്ഞു നില്‍ക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അത് വിവാദമാകുക തന്നെ ചെയ്യും.
ഈയടുത്ത് തന്നെ ‘ബഹുമാനിച്ചില്ല’ എന്ന കാരണം പറഞ്ഞു കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയതാണ് അബ്ദുറബ്ബ് എന്ന വിവേകമില്ലാത്ത വിദ്യാഭ്യാസമന്ത്രി നടത്തിയ ഏറ്റവും പുതിയ വീരകൃത്യം. എന്നാല്‍ അധ്യാപികയെ സ്ഥലം മാറ്റാന്‍ തക്കവണ്ണം യാതൊരു കാരണവും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ സമുദായത്തിന്റെ പരിച എടുത്തു മുന്നില്‍പ്പിടിച്ചുകൊണ്ട് ലീഗ് നടത്തുന്ന ഞാണിന്മേല്‍ക്കളികള്‍ മുസ്ലിം സമുദായത്തിനും മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കും ഒരുപോലെ ദോഷം ചെയ്യാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ എന്നത് വസ്തുതയാണ്.സംഘപരിവാറിനെ ഉള്ളുകൊണ്ട് പിന്തുണയ്ക്കുന്ന മൃദുഹിന്ദുക്കള്‍ക്കു തങ്ങളുടെ വര്‍ഗീയ നിലപാടുകള്‍ക്ക്  ഒരു ന്യായീകരണമായി ഇതിനെ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിലെ മറ്റൊരു അപകടം.
എന്നാല്‍ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ സാധാരണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം നടക്കുന്ന ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്ലീം വിരോധം വളരെ അപകടകരമാണ്. മുസ്ലീം ലീഗിന്റെ മന്ത്രിമാര്‍ക്കൊന്നും വിദ്യാഭ്യാസമില്ല എന്ന തരത്തിലുള്ള പ്രസ്താവനകള്‍ (സ്കൂളിന്റെ പടി കാണാത്ത അബ്ദുറബ്ബ് ) ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു രസിക്കുന്നവരുടെ മനസ്സില്‍ ഒരു സമുദായത്തെയാകെ മോശമാക്കി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഉള്ളൂ. “പച്ച” വിവാദങ്ങളുടെ ചുവടുപിടിച്ചു കേരളത്തിലെവിടെയെങ്കിലും സ്കൂളുകളില്‍ പച്ചപ്പെയിന്റടിച്ചാലും പച്ചബോര്‍ഡ് വെച്ചാലും അതിന്റെയെല്ലാം ഉത്തരവാദിത്തം ലീഗിന്റെ തലയില്‍ കെട്ടിവെച്ചു വിവാദം ഉയര്‍ത്തിവിടുന്നതിനായി ചില മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്.(ഇതെഴുതുന്ന ലേഖകന്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ അധ്യാപകനാണ്.ഇവിടെ ക്ലാസ്സുകളില്‍ പച്ചബോര്‍ഡ് ആണ് ഉപയോഗിക്കുന്നത് ).അതിലും കഷ്ടമായി തോന്നുന്നത് “ഇങ്ങനെ പോയാല്‍ കേരളം മുഴുവന്‍ പച്ചയാകുന്ന കാലം വിദൂരമല്ല” എന്നും “പച്ച നിക്കര്‍ ധരിച്ചാല്‍ മാത്രം സ്കൂളില്‍ പോകാന്‍ കഴിയുന്ന കാലം വരും” എന്നുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ നടത്തുന്ന ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളാണ്.മലപ്പുറം ജില്ലയില്‍ മാത്രം വേരുകളുള്ള മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ശക്തമായ ഹിന്ദുഭൂരിപക്ഷം ഉള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് അത്തരം ഒരു മതപരമായ (?) അജണ്ട നടപ്പാക്കാന്‍ ഒരിക്കലും സാധിക്കുകയില്ല എന്ന് ഒന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.ഒരു മുസ്ലിം മതരാഷ്ട്ര സ്ഥാപനത്തിനുള്ള കെല്‍പ്പൊന്നും ലീഗ് പോലെ ഒരു പാര്‍ട്ടിയ്ക്ക് ഈയടുത്ത കാലത്തൊന്നും ഉണ്ടാകാനും പോകുന്നില്ല.അവരുടെ അജണ്ടയിലും അങ്ങനെയൊരു കാര്യം ഇല്ല എന്ന് വേണം മനസ്സിലാക്കാന്‍.

 

എന്നാല്‍ ഈ വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ചു കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിലെ മന്ത്രിമാര്‍ നടത്തുന്ന പല പ്രസ്താവനകളിലെയും അപകടം നാം വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന് വേണം കരുതാന്‍.ഇവിടെ അത് പച്ച നിറമാണെങ്കില്‍ അവിടെ അത് ‘ആര്‍ഷഭാരതസംസ്കാര’മാണ്.കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിയാണ് ‘ആര്‍ഷഭാരതസംസ്കാര’ത്തെ ആദ്യം ചര്‍ച്ചയാക്കുന്നത്.ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും വിജ്ഞാനവുമെല്ലാം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന രീതിയില്‍ അക്കാദമിക് സിലബസില്‍ സമഗ്രമാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ക്കായി സ്മൃതി ഇറാനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ നടത്തിയ പ്രസ്താവനകളാണ് ഈ ഗണത്തിലെ അവസാനത്തേത്.എയിഡ്സ് പകരുന്നത് തടയാന്‍ കോണ്ടം ആവശ്യമില്ല ആര്‍ഷഭാരത സംസ്കാരം പ്രചരിപ്പിച്ചാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ പ്രസ്താവന.പിന്നീട് സ്കൂളില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതും ടി. സംസ്കാരം പിന്തുടര്‍ന്ന് വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.ഇന്ത്യപോലെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എയിഡ്സിന്റെ വ്യാപനം നടക്കുന്നതും വളരെയധികം സ്ത്രീകള്‍ സമയം തെറ്റിയും ഇടവിട്ടിടവിട്ടുമുള്ള ഗര്‍ഭധാരണങ്ങളിലൂടെ മരിക്കുക വരെ ചെയ്യുന്നതുമായ ഒരു രാജ്യത്തെ ജനങ്ങളോടാണ്‌ ഒരു കേന്ദ്രമന്ത്രിയും ഡോക്ടറുമായ ശ്രീ ഹര്‍ഷവര്‍ദ്ധന്‍ ഈ പ്രസ്താവന നടത്തിയത് എന്നോര്‍ക്കണം.സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ആരോഗ്യകരമായ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ചയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാണ് കുട്ടികള്‍ക്ക് സ്കൂള്‍തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം നല്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തത്.എന്നാല്‍ ഈ തീരുമാനത്തെയും പരിഹസ്യമാം വിധം അദ്ദേഹം എതിര്‍ക്കുകയാണ് ഉണ്ടായതു.
കാണുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിഹാരമായി  ഈ ആര്‍ഷഭാരത സംസ്കാരം എടുത്തു പ്രയോഗിക്കുന്നത് ( പണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തരുന്ന “സര്‍വരോഗ സംഹാരി ചുവന്ന വെള്ളം ” പോലെ )  നിസാരമായി തള്ളിക്കളയേണ്ട ഒരു വസ്തുതയല്ല.പൈതൃകവും വംശശുദ്ധിയും സംസ്കാരത്തിന്റെ മഹത്വവുമെല്ലാം പ്രചരിപ്പിക്കുന്നത് ഫാസിസത്തിന്റെ ഒരു തന്ത്രമാണ്. ഇന്ത്യപോലെ സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്തു “ഒരു രാഷ്ട്രം,ഒരു ജനത , ഒരു സംസ്കാരം” എന്നതാണ് തങ്ങളുടെ അജണ്ട എന്ന് ബിജെപി പ്രസ്താവിച്ചത് 1998-ലാണ്.അന്ന് പുറത്തിറക്കിയ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ “ഇന്ത്യയുടെ സാംസ്കാരിക ദേശീയത ഹിന്ദുത്വത്തിന്റെ കാതലാണ്” എന്ന് ബിജെപി പ്രസ്താവിക്കുന്നുണ്ട്.
1923-ല്‍ ജയിലില്‍ തടവില്‍ കിടക്കുന്ന കാലത്ത് ‘ഒരു മറാത്തി’ എന്ന തൂലികാ നാമത്തില്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാറിന്റെ ‘വീരസവര്‍ക്കര്‍’ എഴുതിയ ‘ഹിന്ദുത്വം’ എന്ന ഉപന്യാസത്തില്‍ നിന്നാണ് സംഘപരിവാരം ഈ സാംസ്കാരിക ദേശീയതയുടെ ആശയം കടം കൊള്ളുന്നത്‌.ഒരുപക്ഷെ ‘ഹിന്ദുത്വം’ എന്ന രാഷ്ട്രീയപ്രയോഗത്തിന്റെ ക്രെഡിറ്റും സവര്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണ്.സവര്‍ക്കര്‍ തന്റെ ഉപന്യാസത്തില്‍ ഹിന്ദുത്വ ദേശീയതയെ നിര്‍വചിക്കുന്നത് നോക്കുക :
“രാജ്യാതിര്‍ത്തിപരമായ ദേശീയത തിരസ്കരിക്കപ്പെടണം.ഹിന്ദു എന്നതിന് ഇന്ത്യക്കാരന്‍ എന്ന അര്‍ത്ഥമുണ്ടായിരിക്കാം.ഒരു മുഹമ്മദീയന്‍ ഇന്ത്യയില്‍ പാര്‍ക്കുന്നവന്‍ ആയത് കൊണ്ട് മാത്രം ഹിന്ദുവാകുകയില്ല.ഒരു അമേരിക്കക്കാരന് ഇന്ത്യന്‍ പൌരത്വം ലഭിച്ചേക്കും.ഭാരതീയനായി നാം അയാളെ പരിഗണിച്ചു എന്നും വരാം.നമ്മുടെ രാജ്യത്ത് വരുന്നതിനോടൊപ്പം അയാള്‍ നമ്മുടെ സംസ്കാരവും ചരിത്രവും സ്വീകരിക്കണം.നമ്മുടെ രക്തബന്ധത്തിന്റെ പാരമ്പര്യം അംഗീകരിക്കണം.നമ്മുടെ രാജ്യത്തെ അയാള്‍ സ്നേഹിച്ചാല്‍ മാത്രം പോരാ ആരാധിക്കുകയും വേണം.
പൊതുരാഷ്ട്രം,പൊതുജാതി, പൊതുസംസ്കൃതി എന്നിവയാണ് ഹിന്ദുത്വത്തിന്റെ ഘടകങ്ങള്‍.ഇതിനു ഹിന്ദുസ്ഥാന്‍ ഒരുവന്റെ പിതൃഭൂമി ആയാല്‍പ്പോരാ , പുണ്യഭൂമിയും ആകണം. ഹിന്ദുത്വത്തിന്റെ ആദ്യ അംശം അടങ്ങിയ പദമാണ് പിതൃഭൂമി.സംസ്കൃതിയെ സംവഹിക്കുന്ന പദം പുണ്യഭൂമി.ആചാരങ്ങള്‍,ചടങ്ങുകള്‍,ആഘോഷങ്ങള്‍,വൈദിക വിധികള്‍,പ്രാര്‍ത്ഥനകള്‍ എന്നിവയാണ് സംസ്കാരം.അവയാണ് ഒരു രാജ്യത്തെ പുണ്യഭൂമിയാക്കുന്നത്.”
സവര്‍ക്കര്‍ രാഷ്ട്രീയമായി ഒരു പരാജയമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.പക്ഷേ സവര്‍ക്കറുടെ ആശയങ്ങള്‍ കടം കൊണ്ട് കൊണ്ട് രൂപീകരിക്കപ്പെട്ട ആര്‍ എസ് എസ്  89 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മൃഗീയമായ വിജയം നേടിയതിന്റെ ഫലമായ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ നമ്മെ ഭരിക്കുന്നത്‌.ആ സര്‍ക്കാരിലെ മന്ത്രിമാരില്‍ നിന്നും സാംസ്കാരിക ഏകീകരണത്തിനുള്ള ആഹ്വാനങ്ങള്‍ ഉയരുമ്പോള്‍ നമുക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളെയും കൂട്ടക്കൊലകളെയും മുന്നില്‍ക്കാണേണ്ടിയിരിക്കുന്നു.ആര്‍ എസ് എസിന്റെ എല്ലാ അജണ്ടകളെയും വിജയകരമായി ഒരു സംസ്ഥാനത്ത് പരീക്ഷിച്ചു ജയിച്ച ശേഷമാണ് മോഡി ഈ രാജ്യത്തിന്‍റെ അധികാരം ഏറ്റെടുത്തത്‌ എന്ന് നാം മറക്കരുത്.
അതുകൊണ്ട് അബ്ദുറബ്ബിന്റെ പച്ചനിറത്തേക്കാളും നാം ഭയക്കേണ്ടത് തീര്‍ച്ചയായും ഹര്‍ഷവര്‍ദ്ധന്റെ ആര്‍ഷഭാരതത്തെത്തന്നെയാണ്. മുസ്ലീം വര്‍ഗീയതയ്ക്ക് ഫാസിസത്തിന്റെ നിറം കൈവരിക്കാനുള്ള ശേഷിയില്ല എന്ന് ഈ പ്രസ്താവനയ്ക്കര്‍ത്ഥമില്ല.അടിമത്തം പോലെയുള്ള വംശീയ നിലപാടുകളെ തള്ളിപ്പറയാത്ത മൂലഗ്രന്ഥമുള്ള ഇസ്ലാം മതം അതിന്റെ ഗോത്രസ്വഭാവം തീര്‍ച്ചയായും പലയിടത്തും പ്രകടിപ്പിക്കുന്നുണ്ട്.( ‘നിങ്ങള്‍ ജൂതന്മാരുമായി യുദ്ധം ചെയ്യുന്ന കാലം വരേയ്ക്കും ലോകം അവസാനിക്കുകയില്ല’ എന്ന പ്രസ്താവന വരെ ഇസ്ലാമിക പ്രവാചകന്‍ നടത്തിയിട്ടുണ്ട്.). ഇസ്ലാം ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ സാംസ്‌കാരിക ഏകീകരണം ഫാസിസ്റ്റ് രീതിയില്‍ അവര്‍ നടപ്പാക്കിയിട്ടുമുണ്ട്.പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് അതിനുള്ള ശേഷിയില്ല എന്ന് മാത്രമല്ല,അത്തരമൊരു മനസ്സുമില്ല എന്നത് നമുക്ക് ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.അതുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ താരതമ്യേന അപകടം കൂടിയ ഭൂരിപക്ഷ വര്‍ഗീയത അതിന്റെ സകല സന്നാഹങ്ങളോടും കൂടി തലയ്ക്കു മുകളില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോള്‍ ‘പച്ചബോര്‍ഡ്’ പോലെയുള്ള ആഴം കുറഞ്ഞ ചര്‍ച്ചകളില്‍ അഭിരമിച്ചു സമയം പോക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം.