ആര്‍.എം.പി സി.പി.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കും; രാഷ്ട്രീയലോകത്തെ ഞെട്ടിച്ച് വേണു

single-img
27 June 2014

n venuപുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്നും അതിനാല്‍ തന്നെ ജനകീയസമരങ്ങളില്‍ സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. ദേശിയതലത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈനാട്ടിയില്‍ റവല്യൂഷണറി യൂത്ത് നടത്തിയ റെയില്‍വേ മേല്‍പ്പാലം ടോള്‍ പിരിവിനെതിരെ പ്രതിരോധപ്പകല്‍ എന്ന പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിന്റെ കാര്യത്തില്‍ ബി.ജെ.പിക്കെതിരെ മാത്രമല്ല ഈ നയങ്ങളുടെ വക്താക്കളായിരുന്ന കോണ്‍ഗ്രസിനെതിരെയും ജനശബ്ദം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസിന്റെ അതേ നയം പിന്തുടര്‍ന്നതു കൊണ്ടാണ് സി.പി.ഐ.എം ജനങ്ങളില്‍ നിന്നകന്നതും തകര്‍ന്നതും. അതുകൊണ്ട് തന്നെ കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ രണ്ടു കക്ഷികളും തകര്‍ന്നടിഞ്ഞതും നാം കണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇനി മുന്നോട്ട് പോകണമെങ്കില്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും കോര്‍പ്പറേറ്റ് വിരുദ്ധ സമരങ്ങളില്‍ സി.പി.എം ഇടതുപക്ഷ സ്വഭാവം ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ ജനപക്ഷ സമരങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍.എം.പി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നയപരമായ സമീപനങ്ങളോട് എതിര്‍പ്പുകള്‍ തുടരുമ്പോഴും ടോള്‍ വിരുദ്ധ സമരം പോലെ ജനപക്ഷത്തോടൊപ്പം നില്‍ക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ സി.പി.ഐ.എമ്മിനോടൊപ്പം ചേരുന്നതിനു ആര്‍.എം.പിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൈനാട്ടി ടോള്‍ വിരുദ്ധ സമരത്തോടൊപ്പം അണിചേരാന്‍ സി.പി.ഐ.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് വരണമെന്നും എന്‍. വേണു പറഞ്ഞു.