വിചിത്ര ആചാരങ്ങള്‍; പാര്‍സികളും നിശബ്ദ ഗോപുരങ്ങളും

single-img
27 June 2014

Tower_of_Silence_(Yazd)_004

പി.എസ്. രതീഷ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്നും കുടിയേറി ഇന്ത്യയില്‍ താമസം തുടങ്ങിയ പാഴ്‌സികള്‍ അഥവാ സ്വരാഷ്ട്രിയന്‍ മതവിശ്വാസികള്‍ മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരാണ്. ഹിന്ദുമതത്തിനോട് സാമ്യമുള്ള ആരാധനാ രീതികളടങ്ങിയ സ്വരാഷ്ട്രിയന്‍ മതത്തില്‍ വിശ്വസിച്ചിരുന്നവര്‍ എ.ഡി. 717-മാണ്ടില്‍ ഇസ്ലാം മതവിശ്വാസികളുമായുള്ള വംശീയ യുദ്ധങ്ങളുടെ പേരിലാണ് ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്തത്. പേര്‍ഷ്യയിലെ പാര്‍സ് എന്ന സ്ഥലത്തു നിന്നും വന്നവരാകയാല്‍ ഇവരെ പാഴ്‌സികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

ഭാരതത്തില്‍ ഇപ്പോള്‍ ഒരുലക്ഷത്തില്‍ താഴെമാത്രം അംഗസംഖ്യയുള്ള പാഴ്‌സികള്‍ ഭൂരിഭാഗവും മുംബൈ ആസ്ഥാനമാക്കിയാണ് ജീവിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്തേയും രാഷ്ട്രീയ രംഗത്തേയുമൊക്കെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിക്കുവാന്‍ പാഴ്‌സികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ആ മേഖലകളിലുള്ള അവരുടെ ശക്തിയെ എടുത്തുകാട്ടുന്നു. വ്യവസായ ഭീമനായ ടാറ്റയും രാഷ്ട്രീയ നേതാക്കളായ ദാദാഭായ് നവഹോജി, ഫിറോസ് ഗാന്ധി എന്നിവര്‍ പാഴ്‌സി മതക്കാരാണ്.

പാഴ്‌സികളുടെ ഇടയില്‍മരണവുമായി ബന്ധപ്പെട്ട വളരെ രപധാനപ്പെട്ട ഒരു വസ്തുതയാണ് നിശബ്ദഗോപുരങ്ങള്‍. അറബിയില്‍ ‘ദഖ്മ’ എന്നറിയപ്പെടുന്ന നിശബ്ദഗോപുരങ്ങള്‍ മുംബൈയിലെ മലബാര്‍ കുന്നിലാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു മതത്തിലും കണ്ടുവരാത്ത തികച്ചും വിഭിന്നമായ ഒരാചാരമാണ് മരണകാര്യത്തില്‍ ഇവര്‍ പിന്തുടരുന്നത്.

Parsis

ഏതെങ്കിലും ഒരു പാഴ്‌സി മതവിശ്വാസി മരിച്ചാല്‍ ആ ശവശരീരം അലങ്കരിച്ച ശവമഞ്ചത്തിലാക്കി ദഖ്മയില്‍ എത്തിക്കുന്നു. ശവശരീരം അവിടെ വച്ചശേഷം കൊണ്ടുവന്നവര്‍ മാറിനിന്നു കൈ കൊട്ടുമ്പോള്‍ അവിടുത്തെ ഗോപുരങ്ങളില്‍ കഴിയുന്ന കഴുകന്‍മാര്‍ കൂട്ടത്തോടെയെത്തി ഈ ശവശരീരം ഭക്ഷിക്കുന്നു.

വളരെ താമസമൊന്നുമില്ലാതെ എല്ലുകള്‍ മാത്രം ബാക്കിവച്ച് കഴുകന്‍മാര്‍ മടങ്ങിപ്പോകുമ്പോള്‍ ശവശരീരം കൊണ്ടുവന്നവര്‍ തിരിച്ചുവരുന്നു. ആ എല്ലുകളെയെല്ലാം ഒന്നൊഴിയാതെ പെറുക്കിയെടുത്ത് തുണിയില്‍ പൊതിഞ്ഞ് അടുത്തുള്ള കിണറ്റില്‍ നിക്ഷേപിച്ച് അവര്‍ മടങ്ങിപ്പോകും. തികച്ചും പ്രാകൃതമെന്ന തോന്നിക്കാവുന്ന ഈ ഒരു ശവസംസ്‌കാര രീതിയാണ് പാഴ്‌സികള്‍ ഇന്നും പിന്തുടരുന്നത്.

ഏതൊരു വസ്തുതയ്ക്കും ഒരു കാരണമുണ്ടെന്നതുപോലെ ഇങ്ങനെയൊരുവിചിത്രമായ ആചാരത്തിനും സ്വരാഷ്ട്രിയന്‍ മതം കാരണങ്ങള്‍ പറയുന്നുണ്ട്. അഗ്നിയേയും മണ്ണിനേയും ദൈവത്തിനു തുല്യം കാണുക എന്നുള്ളതാണ് സ്വരാഷ്ട്രിയന്‍ മതം ഉദ്‌ബോധിപ്പിക്കുന്നത്. പരിശുദ്ധമായ അഗ്നിയിലേക്കും മണ്ണിലേക്കും പാപപങ്കിലമായ മനുഷ്യ ശരീരത്തെ ഇടകലര്‍ത്തുവാന്‍ പാഴ്‌സികള്‍ ആഗ്രഹിക്കുന്നില്ല. അവരുടെമതം അതനുവദിക്കുന്നില്ല. ഈ ഒരു കാരണം കൊണ്ടാണ് മൃതശരീരം കഴുകന്‍മാര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കുന്നത്.

ഈ കഥകളൊക്കെ കേള്‍ക്കുമ്പോള്‍ ദഖ്മ ചിലര്‍ക്ക് പേടിപ്പെടുത്തുന്ന ഒരു വസ്തുതയായി മാറുന്നു. എന്നാല്‍ സ്വരാഷ്ട്രിയര്‍ക്ക് അത് നേരെ തിരിച്ചാണ്. ഹിന്ദുക്കള്‍ ഗംഗയിലും മറ്റു പുണ്യനദികളിലെുമൊക്കെയായി ജീവിത പാപങ്ങള്‍ കഴുകിക്കളയുന്നതു പോലെ പാഴ്‌സികളുടെ ജീവിച്ചിരിക്കുമ്പോഴുള്ള എല്ലാ പാപങ്ങളും ദഖ്മയില്‍ അവസാനിക്കുന്നതായി ഇവര്‍ വിശ്വസിക്കുന്നു. നിശബ്ദഗോപുരങ്ങള്‍ പാഴ്‌സികളെ ഒട്ടുമേ ഭയപ്പെടുത്തുന്നില്ലെന്ന് സാരം.