ഫിഫ വിലക്കി സുവാറസ് ഇനി ലോകകപ്പിനില്ല

single-img
27 June 2014

chielllini-suarez-biteസാവോപോളോ: നിര്‍ണായക മത്സരത്തിനിടെ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ തോളിന് കടിച്ചതിന് ഉറുഗ്വായ് താരം ലൂയി സുവാറസിനെ ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫിഫ നാലുമാസത്തേക്ക് വിലക്കി. ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിലും വിലക്കിയാതിനെ തുടർന്ന് ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരങ്ങളും സുവാരസിന് നഷ്ടമാകും. 66,000 പൗണ്ട് (67 ലക്ഷംരൂപ) പിഴക്ക് പുറമെ വിലക്ക് കാലാവധിയില്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

വിധിക്കെതിരെ ഉറുഗ്വായ് ഫുട്ബാള്‍ അസോസിയേഷന് അപ്പീല്‍ നല്‍കാമെങ്കിലും അന്തിമവിധി വരുംവരെ വിലക്ക് നിലനില്‍ക്കും.

മത്സരത്തിന്റെ എണ്‍പതാം മിനിറ്റിലാണ് സുവാരസ് ഇറ്റാലിയന്‍ പ്രതിരോധനിര താരം ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചത്. ചെല്ലിനി കടിയേറ്റ പാട് റഫറിക്ക് കാണിച്ചു കൊടുത്തെങ്കിലും സുവാറസിനെതിരെ നടപടി എടുത്തില്ല. ചെല്ലിനിയെ കടിച്ച ശേഷം സുവാറസും വായ പൊത്തി മൈതാനത്ത് വീണിരുന്നു അതേസമയം ടെലിവിഷന്‍ ദൃശ്യങ്ങളില്‍ സുവാരസ് കടിക്കുന്നത് വ്യക്തമായതോടെയാണ് ഫിഫയുടെ അച്ചടക്ക നടപടി.

സുവാരസിന്റെ വിലക്ക് ഉറുഗ്വെന്‍ ടീമിന് കടുത്ത തിരിച്ചടിയാണ്.

ലൂയിസ് സുവാരസ് വിവാദങ്ങളില്‍ പെടുന്നത് ഇതാദ്യമായല്ല.  2010 ല്‍ പിഎസ് വി താരമായ ഓട്മാന്‍ ബക്കലിനെയാണ് സുവാരസ് കരിയറിൽ ആദ്യത്തെ കടിച്ചത്. 2012-ൽ ചെല്‍സിയന്‍ പ്രതിരോധ താരം ബ്രാനിസ്ലാവ് ഇവാനിസോവിച്ചിനെയും സുവാരസ് കടിച്ച് 10 മത്സരങ്ങളിൽ വിലക്ക് നേരിട്ടത്.

2011 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പാട്രിക്ക് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതും, ഘാനയ്‌ക്കെതിരെ 2010 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബോധപൂര്‍വ്വം കൈകൊണ്ട് ഗോള്‍തടുത്തതും ഇല്ലാത്ത പരിക്ക് അഭിനയിച്ചതും അങ്ങനെ സുവാരസിന് ശിക്ഷ വാങ്ങിക്കൊടുത്ത സംഭവങ്ങള്‍ പലതുണ്ട്.