ലയണല്‍ മെസിയുടെ ഇരട്ടഗോളിൽ അര്‍ജന്റീന ഗ്രൂപ്പ്‌ ജേതാക്കൾ

single-img
26 June 2014

argentina-nigeria-world-cupപോര്‍ട്ടോ അലിഗ്രെ: ഗ്രൂപ്പ്‌ എഫില്‍ ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ സഹായത്താൽ അര്‍ജന്റീന ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി. അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ നൈജീരിയയെ 3-2 ന്‌ മലര്‍ത്തിയടിച്ച അര്‍ജന്റീന ഒന്‍പതു പോയിന്റുമായി സമ്പൂര്‍ണവിജയം കൈക്കലാക്കി. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന, സ്വിറ്റ്‌സര്‍ലന്റിനെ നേരിടും. തോറ്റെങ്കിലും നാലുപോയിന്റുമായി രണ്ടാം സ്‌ഥാനക്കാരായി നൈജീരിയയും നോക്കൗട്ട്‌ റൗണ്ടിനു യോഗ്യരായി.

അര്‍ജന്റീന-നൈജീരിയ മത്സരത്തിന്റെ നാല്‌, 45 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഇതോടെ ബ്രസീലില്‍ മെസിയുടെ ഗോള്‍നേട്ടം നാലായി. മെസിയെടുത്ത കോര്‍ണറില്‍നിന്ന്‌ റോയോ വിജയികളുടെ പട്ടിക തികച്ചു. അഹമ്മദ്‌ ഫിറാസ്‌ മൂസയാണ്‌ നൈജീരിയയുടെ രണ്ടുഗോളുകള്‍ക്കും ഉടമ.

4-)ം മിനിറ്റിൽ എയ്‌ഞ്ചല്‍ ഡി മരിയയുടെ ഷോട്ട്‌ പോസ്‌റ്റില്‍ത്തട്ടിത്തെറിച്ചതു പിടിച്ചെടുത്ത മെസിയാണ്‌ നൈജീരിയക്കെതിരേ അര്‍ജന്റീനയുടെ ആദ്യഗോള്‍ നേടിയത്‌. എന്നാല്‍ അര്‍ജന്റീനക്കാരെ ഞെട്ടിച്ച് നൈജീരിയ ഉടന്‍ തിരിച്ചടിച്ചു. തൊട്ടടുത്ത മിനിറ്റില്‍ അഹമ്മദ് മൂസയുടെ മനോഹരമായ ഷോട്ട് അര്‍ജന്റീനിയന്‍ വലകുലുക്കി.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഫ്രികിക്കിലൂടെ മെസിയുടെ രണ്ടാം ഗോളെത്തി. രണ്ടാം പകുതിയുടെ 47 ാം മിനിറ്റിലായിരുന്നു മുസയുടെ രണ്ടാം ഗോള്‍, നൈജീരിയ വീണ്ടും ഒപ്പമെത്തി. മൂന്ന് മിനിറ്റുകൾക്ക് ശേഷം കോര്‍ണര്‍കിക്കില്‍നിന്നാണ് മാര്‍കോസ് റോജോ തന്റെ കന്നി അന്താരാഷ്ട്ര ഗോള്‍ നേടി അര്‍ജന്റീനയെ മിന്നിലെത്തിച്ചു. തുടര്‍ന്ന് സമനിലക്കായി നൈജീരിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധം പിടിച്ചുനില്‍ക്കുകയായിരുന്നു.