പ്രധാനധ്യാപികയെ സ്ഥലംമാറ്റിയത് തന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതിനാല്‍; അന്വേഷണ ഉദ്യോഗസ്ഥ ശിപാര്‍ശചെയ്തത് കടുത്ത നടപടിക്കെന്ന് അബ്ദുറബ്ബ്; പ്രധാനധ്യാപിക നിയമനടപടിക്ക്

single-img
25 June 2014

കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക തന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതിനാലാണ് സ്ഥലംമാറ്റേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. അധ്യാപികയെ സ്ഥലംമാറ്റിയത് ക്രമപ്രകാരമാണെന്നും മന്ത്രി അറിയിച്ചു. താന്‍ വൈകിയെത്തിയത് അവര്‍ പര്‍വതീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ കടുത്ത നടപടിയാണ് അന്വേഷണ ഉദ്യോഗസ്ഥ ശിപാര്‍ശ ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി ബഹളം വച്ചു. അധ്യാപികയുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലംമാറ്റം വാങ്ങേണ്ടിവന്ന കെ.കെ ഊര്‍മിളാദേവി സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്കുമെന്ന് അറിയിച്ചു. പട്ടികജാതി വിഭാഗക്കാരിയായതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നത്. ഭരണവീഴ്ചയല്ല, ജാതീയമായ കാര്യങ്ങളാണ് തന്റെ സ്ഥലംമാറ്റലിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.