സഹോദരിമാരായ ബാലികമാര്‍ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചു

single-img
24 June 2014

Kidsസഹോദരിമാരായ വിദ്യാര്‍ഥിനികള്‍ പുതുതായി നിര്‍മിക്കുന്ന വീടിനോടു ചേര്‍ന്നുള്ള വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കില്‍ വീണു മുങ്ങിമരിച്ചു. മയ്യില്‍ തായംപൊയില്‍ ചുണ്ടുന്നുമ്മല്‍ ഹൗസില്‍ ലോറി ഡ്രൈവറായ അബ്ദുള്‍ മജീദ്-മുനീറ ദമ്പതികളുടെ മക്കളായ നജീറ (11), ഫാത്തിമത്ത് സന (എട്ട്) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം 5.40 ഓടെയായിരുന്നു അപകടം.

താമസിക്കുന്ന വീടിനു മുന്നില്‍ പുതുതായി നിര്‍മിക്കുന്ന വീടിനോടു ചേര്‍ന്നാണു വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്ക്. സ്‌കൂളില്‍ നിന്നെത്തി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടാങ്കില്‍ വീഴുകയായിരുന്നു. കുട്ടികളെ തിരക്കിയിറങ്ങിയ മാതാവ് മുനീറയാണു കുഞ്ഞുങ്ങളെ ടാങ്കില്‍ കണെ്ടത്തിയത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്ത് ഉടന്‍ മയ്യില്‍ ആശുപത്രിയിലും പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നജീറ മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയും ഫാത്തിമത്ത് സന മയ്യില്‍ തായംപൊയില്‍ എഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.