പുതുക്കിയ റെയില്‍വേ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും

single-img
24 June 2014

tവ്യാപക പ്രതിഷേധങ്ങള്‍ക്കിടയിൽ പുതുക്കിയ റെയില്‍വേ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരും കൂടിയ നിരക്ക് യാത്രാവേളയില്‍ നല്‍കണം പുറമെ. എസി ചെയര്‍കാറിലും മറ്റെല്ലാ ഉയര്‍ന്ന ക്ലാസുകളിലും സര്‍വീസ് ചാര്‍ജ്ജും കൊടുക്കേണ്ടി വരും. പ്രതിദിനം 30 കോടി രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് നിരക്ക് വര്‍ദ്ധനക്ക് കാരണമായി റെയില്‍വെ പറഞ്ഞത്.

 

നിരക്ക് വര്‍ദ്ധിപ്പിക്കാത്തതുമൂലം യാത്രക്കാര്‍ക്കുള്ള സബ്‌സിഡി 26,000 കോടി കവിഞ്ഞതായും റെയില്‍വെ ചൂണ്ടിക്കാട്ടുന്നു.പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ പ്രതിമാസം 8000 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. അതേസമയം കുത്തനെ റെയില്‍ നിരക്കുകള്‍ കൂട്ടിയതിനെതിരെ എന്‍.ഡി.എ സഖ്യകക്ഷികളും രംഗത്തെത്തി.

 

ശിവസേന നേതാവ് ഉദ്ധവ് താക്കറെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.യാത്രാക്കൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവുമാണ് കൂടുന്നത്. അതേസമയം നിരക്ക് വര്‍ദ്ധനക്കെതിരെയുള്ള പ്രതിഷേധമറിയിക്കാന്‍ ശിവസേന എംപിമാര്‍ ഇന്ന് റെയില്‍വേ മന്ത്രി സദാനന്ദഗൗഡയെ കാണും.