നായകളോട് കടിക്കുകയാണെങ്കില്‍ ഉച്ചയ്ക്കു മുമ്പ് കടിക്കാന്‍ അഭ്യര്‍ത്ഥിച്ച് യുവാവിന്റെ പോസ്റ്റര്‍; ചികിത്സ നിഷേധിച്ചതിന്റെ പ്രതിഷേധം

single-img
24 June 2014

dog”എത്രയും ബഹുമാനപ്പെട്ട പട്ടി, നിങ്ങള്‍ ആരെയെങ്കിലും കടിക്കുകയാണെങ്കില്‍ ഉച്ചയ്ക്ക് ഒന്നിനുമുമ്പ് കടിക്കണം. കാരണം, എടത്വ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്നിനുശേഷം പ്രതിരോധകുത്തിവെയ്പ് എടുക്കില്ല”- കഴിഞ്ഞ ദിവസം എടത്വാ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്നിലെ മതിലില്‍ തെരുവു നായകളോടുള്ള അഭ്യര്‍ത്ഥന എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്‌ററ്റാണിത്. പോസ്റ്റര്‍ പതിച്ചത് പച്ച കിഴക്ക് ഒറ്റാറയ്ക്കല്‍ ജോ മോനും.

ഞായറാഴ്ച വൈകുന്നേരം ജോമോനെ ഒരു നായ കടിച്ചതാണ് ഈ പോസ്റ്റര്‍ പതിക്കുവാനുള്ള സംഭവത്തിന്റെ ആധാരം. നായ കടിച്ചതിനെ തുടര്‍ന്നു എടത്വ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ ജോമോന് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വൈകുന്നേരം അഞ്ചിന് ആശുപത്രിയിലെത്തിയ ജോമോനെ സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരികെ അയച്ചു എന്നാണ് പറയുന്നത്. ഇതിനോട് പ്രതിഷേധസൂചകമായാണ് ജോമോന്‍
പേപ്പറില്‍ സ്‌കെച്ച് പേന ഉപയോഗിച്ച് എഴുതി പോസ്റ്റര്‍ പതിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതിലില്‍ മാത്രമല്ല
എടത്വ ജംഗ്ഷനിലും ഇപ്രകാരമെഴുതിയ പോസ്റ്റര്‍ ജോമോന്‍ പതിച്ചിട്ടുണ്ട്.