അള്ളാ എന്ന പദം മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് മലേഷ്യന്‍ സു്രപീംകോടതി ശരിവെച്ചു

single-img
24 June 2014

Allah‘അള്ളാ’ എന്ന പദം ഇസ്ലാംമത വിശ്വാസികളല്ലാത്തവര്‍ ഉപയോഗിക്കുന്നത് വിലക്കുന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ ഉത്തരവ് രാജ്യത്തെ ഉയര്‍ന്ന നീതിപീഠം ശരിവച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഈ ഉത്തരവിലൂടെ, സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി റോമന്‍ കാത്തലിക് ചര്‍ച്ച് നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി വിധി.

കഴിഞ്ഞവര്‍ഷം, റോമന്‍ കാത്തലിക് ചര്‍ച്ചിന്റെ മലയ ഭാഷയിലുള്ള പ്രസിദ്ധീകരണത്തില്‍ ‘അള്ളാ’ എന്ന പദം ഉപയോഗിച്ചത് തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതിവിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പരാതിക്കാര്‍ക്ക് അര്‍ഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. മലയ ഭാഷയില്‍ ദൈവത്തെ പൊതുവായി പ്രതിപാദിക്കുന്നതാണ് ‘അള്ളാ’ എന്ന അറബിക് പദം.

മലേഷ്യയില്‍ 29 ദശലക്ഷത്തോളംവരുന്ന ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും മുസ്ലീങ്ങളാണെന്നും അന്യമതസ്ഥര്‍ ‘അള്ളാ’ എന്ന പദം ഉപയോഗിക്കുന്നത് വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും മതംമാറ്റത്തിന് അവരെ പ്രോത്സാഹിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ‘അള്ളാ’ എന്ന പദം മുസ്ലീങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ മലേഷ്യയുടെ ബോര്‍ണിയോ ദ്വീപുകളിലും മറ്റുമായി കഴിയുന്ന ക്രിസ്ത്യാനികള്‍ ബൈബിളിലും തങ്ങളുടെ മതപരമായ ഗാനങ്ങളിലും ദൈവസൂചകമായി ഈ പദം ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാര്‍ വാദിച്ചുവെങ്കിലും കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല.