സ്പെയിനിന് ആശ്വാസിച്ച് മടങ്ങാം

single-img
24 June 2014

spain_aussisക്വുര്‍ട്ടിബ: ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത മൂന്നു ഗോളിന് സ്‌പെയിന്‍ തകര്‍ത്തു. നെതര്‍ലന്‍ഡ്സും ചിലിയും നേരത്തേ നോക്കൗട്ട് ഉറപ്പാക്കി കഴിഞ്ഞതിനാല്‍  ഈ മത്സരത്തിലെ ഫലം അപ്രസക്തമായിരുന്നു.   വെറ്ററന്‍ താരങ്ങളായ ഡേവിഡ് വിയയും(36), ഫെര്‍ണാണ്ടോ ടോറസും(69)പകരക്കാരനായി ഇറങ്ങിയ ജുവാന്‍ മാട്ടയുമാണ്(82) സ്പാനിഷ് ഗോളുകള്‍ നേടിയത്. ഇതോടെ ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും തോറ്റ ആസ്ട്രേലിയ ഒരു പോയന്‍റുമില്ലാതെ മടങ്ങി.

മത്സരത്തിന്റെ 36ാം മിനിറ്റില്‍ ഇനിയേസ്റ്റ നല്‍കിയ മികച്ചൊരു പാസാണ് ഡേവിഡ് വിയയുടെ ആദ്യഗോളിലേക്ക് വഴിയൊരുക്കിയത്.  രണ്ടാം പകുതിയിലെ 69ാം മിനിറ്റില്‍ ടോറസ് നേടിയ രണ്ടാം ഗോളിന് പിന്നിലും ഇനിയേസ്റ്റയുടെ നീക്കങ്ങളായിരുന്നു. 82 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജുവാന്‍ മാട്ട ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ഡേവിഡ് വിയയക്കും ടോറസിനും ഒരുപക്ഷേ ഇത് അവരുടെ അവസാന ലോകകപ്പ് ആകാനാണ് സാധ്യതയും. അവസാന മത്സരത്തില്‍ ഗോള്‍ നേടി തന്നെ അവര്‍ മടങ്ങുന്നു നാട്ടിലേക്ക്. സ്പാനിഷ് നിരയില്‍ ക്യാപ്റ്റനും ഗോളിയുമായ കസിയസിന് പകരം റെയ്‌നയാണ് ഗോളിയായി കളത്തിലിറങ്ങിയത്. സെര്‍ജിയോ റാമോസാണ് സ്‌പെയിനെ നയിച്ചത്.