ആ ഗോളുകള്‍ക്ക് ഇന്ന് 28 വയസ്സായി

single-img
23 June 2014

Maradona-Legendary-Goal

നൂറ്റാണ്ടിന്റെ ഗോളിന് ഇന്ന് 28 വയസ്സാകുന്നു. ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം മെക്‌സികോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നേറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു നീട്ടിയടിച്ച ആ ഗോള്‍ പിറന്നിട്ട് 28 വര്‍ഷം. ‘ദൈവത്തിന്റെ കൈ’കൊണ്ടുള്ള പാപക്കറ മിനിട്ടുകള്‍ക്കുള്ളില്‍ മാറ്റിയെഴുതി, ഫുട്‌ബോള്‍ ലോകത്തിന്റെ ഇരുണ്ട ഫലകത്തില്‍ എഴുതുമായിരുന്ന തന്റെ പേര് സ്വര്‍ണ്ണ പുസ്തകത്തിലേക്ക് മാറ്റിയെഴുതി ചരിത്രം സൃഷ്ടിച്ച മറഡോണ.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ 54 മത് മിനിറ്റില്‍ ദൈവം അവതരിച്ച ആ നിമിഷത്തിനെ പിന്നീട് ലോകം ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നു വളിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് സ്വന്തം ജനതയ്ക്കു വേണ്ടി ‘ദൈവത്തിന്റെ കൈ’കൊണ്ടു കാണിച്ച ചതിക്ക് ഹൃദയം െകാണ്ടുള്ള പ്രായശ്ചിത്തം. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത ബഹുമതി ഈ അഞ്ചടി നാലിഞ്ചുകാരനു മാത്രം അവകാശപ്പെട്ടത്.

ആ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന കളം നിറഞ്ഞു കളിച്ച ആദ്യ പകുതിക്കു ശേഷം ആറാം മിനിറ്റിലാണ് മറഡോണ ഉയര്‍ത്തെഴുന്നേറ്റത്. ഇംഗ്ലണ്ടിന്റെ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള ഗോള്‍ മുന്നേറ്റത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ചു പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു മറഡോണ പന്ത് വാള്‍ഡാനോയ്ക്ക് മറിച്ചുനല്‍കി. ശേഷം ഓടിക്കയറിയ മറഡോണയെ ലാക്കാക്കി വാള്‍ഡാനോ നല്‍കിയ ക്രോസ് പക്ഷേ പ്രതീക്ഷിച്ചതിലും ഉയരത്തിലാണ് ഇംഗ്ലീഷ് ഗോള്‍മുഖത്തേക്കെത്തിയത്. ഇംഗ്ലണ്ട് ഗോളി ഗോളി പീറ്റര്‍ ഷില്‍ട്ടനെന്ന ആറടിയിലധികം ഉയരമുളള മനുഷ്യനൊപ്പം ആ അഞ്ചടി നാലിഞ്ചുകാരനും ഉയര്‍ന്നുചാടി. സ്വന്തം കൈകൊണ്ട് പന്ത് വലയിലേക്കു തള്ളിയിട്ടു.

maradona460x276

പന്ത് മറഡോണയുടെ തലയില്‍ നിന്നു വല തുളയ്ക്കുന്നതാണ് അകലെനിന്ന് ഓടിയെത്തിയ ടുണീഷ്യന്‍ റഫറി ബെന്നാബര്‍ കാണുന്നത്. ഇംഗ്ലീഷ് താരങ്ങളുടെ കൈഗോള്‍ വിളികള്‍ തള്ളി ബെന്നാബര്‍ വിസില്‍ ഊതാന്‍ പിന്നെ മടിച്ചു നിന്നില്ല. 1982ലെ ഫോക് ലാന്‍ഡ് യുദ്ധത്തിലെ അര്‍ജന്റീനയുടെ പരാജയത്തിനു ശേഷം ഓരോതവണയും ഇംഗ്ലണ്ടിനെതിരേ കളിക്കിറങ്ങുമ്പോള്‍ ഓരോ അര്‍ജന്റീനക്കാരനും വിജയം കിനാവു കണ്ടു. ഫോക്ക്‌ലാന്‍ഡ് ദ്വീപിനുവേണ്ടി ജീവന്‍കൊടുത്ത അര്‍ജന്റീനക്കാരുടെ രക്തത്തിനു പകരമായി ആ ഗോള്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ മറഡോണയെ ചതിയുടെ പര്യായമായി ആരും കണ്ടില്ല. കാരണം അതിനുമുമ്പേ ഒരിക്കല്‍കൂടി ആ മൈതാനത്ത് ദൈവം മറഡോണയിലൂടെ അവതരിച്ചിരുന്നു. വെറുക്കപ്പെട്ടവനില്‍ നിന്നും വിശുദ്ധനിലേക്കുള്ള ദൂരത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറച്ചുകൊണ്ട് നൂറ്റാണ്ടിന്റെ ഗോളിലൂടെ ലോകത്തിന്റെ കാഴ്ചയെ മറഡോണ മാറ്റിയെഴുതി.

കുപ്രസിദ്ധമായ ആ ”ദൈവത്തിന്റെ കൈ” ഗോള്‍ നേടി നാലു മിനിറ്റിനു ശേഷമാണ് ഫുട്‌ബോള്‍ ദൈവത്തിന്റെ അടുത്ത അത്ഭുതത്തിന് തുടക്കമാകുന്നത്. സ്വന്തം പകുതിയില്‍ നിന്ന് മറഡോണയുടെ ബൂട്ടിനെ പ്രണയിച്ച പന്ത് നിമിഷങ്ങള്‍ കഴിഞ്ഞ് ഇംഗ്ലണ്ടിന്റെ പോസ്റ്റിനുള്ളില്‍ എത്തുന്നതുവരെയുള്ള നിമിഷമാണ് ലോകം ഇന്നോളം വിസ്മയിച്ച നിമിഷങ്ങള്‍.

Maradona

പന്തുമായി കുതിച്ച മറഡോണ ആദ്യം പീറ്റര്‍ റീഡിനെ മറികടന്നു ശരീരം വെട്ടിച്ച് വലതുകാല്‍കൊണ്ട് പന്ത് ഡ്രിബിള്‍ചെയ്ത് പീറ്റര്‍ ബിയേഴ്‌സിലിയെയും വെട്ടിച്ച് ഇടതുവിംഗിലൂടെ ഇംഗ്ലണ്ട് ബോക്‌സിലേക്ക് ഒടിക്കയറുകയായിരുന്നു. മറഡോണയുടെ വരവില്‍ അപകടം മണത്ത് തടയാനെത്തിയ ടെറി ബുച്ചറും ടെറി ഫിന്‍വിക്കും മറഡോണയുടെ മാന്ത്രികതയില്‍ അമ്പരന്ന് നില്‍ക്കേണ്ടി വന്നു. മിന്നല്‍പോലെ പാഞ്ഞു വരുന്ന മറഡോണയെക്കണ്ടു മുന്നോട്ടു കുതിച്ച ഗോള്‍ പീറ്റര്‍ ഷില്‍ട്ടനെ കബളിപ്പിച്ച് ദൈവത്തിന്റെ കാലില്‍ നിന്നും പന്ത് വലകുലുക്കുമ്പോള്‍ തൊട്ടുമുന്നേ നടന്ന ചതിയില്‍ പ്രതിഷേധിച്ച് ഇരമ്പുകയായിരുന്ന ഗാലറി മിണ്ടാന്‍പോലുമാകാതെ അമ്പരന്ന് നില്‍ക്കുകയായിരുന്നു.

”ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടിയത്”- മെക്‌സിക്കോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകള്‍ ഫുട്‌ബോളിനെ അറിയാവുന്ന ഏതൊരാളുടെ ഹൃദയത്തിലും ഒരു ഇരമ്പലുണര്‍ത്തും.