മലബാര്‍ മേഖലയില്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിലയ്ക്കും

single-img
23 June 2014

gasമലബാര്‍ മേഖലയില്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം ഇന്ന് മുതല്‍ നിലയ്ക്കും. ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാതക ഫില്ലിങ് പ്ലാന്റിലെ കരാര്‍തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുന്നതിനെത്തുടര്‍ന്നാണിത്.

 

പ്ലാന്റിലെ കയറ്റിറക്ക് തൊഴിലാളികള്‍ കഴിഞ്ഞ 12 മുതല്‍ മെല്ലെപ്പോക്ക് സമരം തുടങ്ങിയിരുന്നു. ഇതിനാല്‍ മലബാര്‍ മേഖലയില്‍ വിതരണംചെയ്യേണ്ട വാതകസിലിണ്ടറുകളില്‍ അരലക്ഷത്തിലധികം കുറവ് വന്നിട്ടുണ്ട്. എന്നാലും പ്ലാന്റില്‍നിന്ന് 12500ഓളം സിലിണ്ടറുകള്‍ നിത്യേന കയറ്റി അയച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ പ്ലാന്റിലെ ഹൗസ്‌കീപ്പിങ് ആന്‍ഡ് സിലിണ്ടര്‍ ഹാന്‍റ്‌ലിങ് വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നതോടെ പ്ലാന്റ് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും.

 
തിങ്കളാഴ്ച മുതല്‍ ഹൗസ്‌കീപ്പിങ് ആന്‍റ് സിലിണ്ടര്‍ ഹാന്‍ഡ്‌ലിങ് വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതും മാറ്റിവെച്ചു. ചര്‍ച്ചകള്‍ എന്ന് നടക്കുമെന്ന് തീരുമാനമായിട്ടില്ല.വേതനവര്‍ധനവ് സംബന്ധിച്ച കാര്യത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും തീരുമാനമാകാത്തത് തൊഴിലാളികളെ അസംതൃപ്തരാക്കിയിട്ടുണ്ട്.