കുടിവെള്ളം, എ.ടി.എം, ന്യൂസ്‌പേപ്പര്‍, സെക്യൂരിറ്റി എന്നിവയുമായി കൊച്ചിയില്‍ ഇനി എ.സി. ബസ്‌റ്റോപ്പുകള്‍

single-img
23 June 2014

Bus15 പേര്‍ക്ക് ഇരിപ്പിടമുള്ള മൂന്നു വശവും ഗ്ലാസിട്ട എ.സി. കാത്തിരിപ്പു കേന്ദ്രം. ഇവിടെ കുടിവെള്ളവും എ.ടി.എമ്മും ന്യൂസ് പേപ്പര്‍ സ്റ്റാന്റുമുണ്ടാകും. കൂടാതെ സെക്യൂരിറ്റിയുടെ സേവനവുമുണ്ട്. ബസ് വരുമ്പോള്‍ കാത്തിരിപ്പു കേന്ദ്രത്തിന് അകത്തുള്ളയാള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്‌റ്റോപ്പിലുള്ള ചുവന്ന ലൈറ്റ് തെളിയുകയും െ്രെഡവര്‍ക്ക് ബസ് നിര്‍ത്തി ആളെ കയറ്റുകയും ചെയ്യും. കേട്ടിട്ട് ഏതോ വിദേശ രാജ്യത്തെ ബസ്‌റ്റോപ്പാണെന്ന് തോന്നുമെങ്കിലും അങ്ങനെ ധരിക്കേണ്ട. നമ്മുടെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ വരാന്‍പോകുന്ന ബസ്‌റ്റോപ്പിന്റെ കാര്യമാണ് ഈ പറഞ്ഞത്.

ജില്ലയിലെ 25 കേന്ദ്രങ്ങളില്‍ ഉടനെ ഇത്തരത്തിലുള്ള എ.സി ഹൈടെക് ബസ് സ്‌റ്റോപ്പുകള്‍ തുറക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് പി.കുന്നപ്പള്ളി പറയുന്നത്. മൂന്നുകോടി മുടക്കി ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്ത് ആദ്യമായി തണല്‍ എന്ന പേരിലാണ് എ.സി ബസ് സ്‌റ്റോപ്പുകള്‍ സജ്ജമാക്കുന്നത്. ആദ്യ സ്‌റ്റോപ്പ് കാക്കനാട്ടെ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന് മുന്നിലാണെന്നും എല്ലാ നിയോജക മണ്ഡലത്തിലും ഒരു കാത്തിരിപ്പു കേന്ദ്രമെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എ.ടി.എം വാടകയുള്‍പ്പടെ വര്‍ഷം 50 ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തയിടങ്ങളില്‍ ഗ്രാമപഞ്ചായത്ത് സ്ഥലം നല്‍കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 25 സ്‌റ്റോപ്പുകളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.