ഒടുവിൽ ചുവന്ന ചെകുത്താന്‍മാര്‍ പ്രീക്വാര്‍ട്ടറില്‍

single-img
23 June 2014

Belgium4റയോ ഡെ ജനീറോ: നിര്‍ണായക പോരാട്ടത്തില്‍ റഷ്യയെ വീഴ്ത്തി ബെല്‍ജിയം ഗ്രൂപ് എച്ചില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ കടക്കുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചുവന്ന ചെകുത്താന്‍മാര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ പകരക്കാരനായി ഇറങ്ങിയ ഡിവോക് ഒറിഗിയാണ് മത്സരത്തിന്‍െറ ഫലം നിര്‍ണയിച്ച ഗോള്‍ നേടിയത്.

ബെല്‍ജിയം തുടക്കം മുതല്‍ കനത്ത ആക്രമണമാണ് എതിരാളികള്‍ക്കെതിരെ അഴിച്ചുവിട്ടത്. 14ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ മെര്‍ടന്‍സ്, ഡി ബ്രൂയ്നെയുമായി ചേര്‍ന്നു നടത്തിയ നീക്കവും ഫലം കണ്ടില്ല. 20ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരവും മെര്‍ട്ടന്‍സ് പാഴാക്കി. ഗോളെന്നുറപ്പിച്ച ഏതാനം നീക്കങ്ങളിലൂടെ റഷ്യയും ബെല്‍ജിയന്‍ ഗോള്‍മുഖത്ത് ഭീതി പരത്തി.

രണ്ടാം പകുതിയില്‍ റഷ്യ കൂടുതല്‍ ഉണര്‍ന്നു കളിച്ച് തുടങ്ങിയതോടെ ബെല്‍ജിയം അല്‍പം പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി. അവസാന ഘട്ടത്തില്‍ ഇരുനിരയിലേക്കും പന്ത് കയറി തുടങ്ങിതോടെ ഏത് നിമിഷവും ഗോള്‍ വീണേക്കാമെന്ന അവസ്ഥ കൈവന്നു. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഹസാഡ് മുന്നേറ്റത്തിനൊടുവില്‍ ഒറിഗി എതിര്‍ വലകുലുക്കി ബെല്‍ജിയത്തിന്‍െറ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ പരാജയപ്പെടുത്തിയ ബെല്‍ജിയം ആറ് പോയിന്റുണ്ട്.