അതെ… മൂന്നാറില്‍ ട്രയിനുണ്ടായിരുന്നു

single-img
20 June 2014

Train Service to Idukki

ചില കാര്യങ്ങള്‍ അങ്ങനെയാണ്. പ്രതാപ കാലത്ത് തലയെടുപ്പോടുകൂടി തന്നെ നില്‍ക്കും. പക്ഷേ നശിച്ചു കഴിഞ്ഞാല്‍ പ്രത്യക്ഷത്തില്‍ യാതൊരു തെളിവും ബാക്കി വയ്ക്കുകയുമില്ല. അങ്ങനെയൊരു നിര്‍ഭാഗ്യമാണ് ‘കുണ്ടള വാലി’ റയില്‍വേയ്ക്കും സംഭവിച്ചത്.

കുണ്ടള വാലിയെന്ന പേരുകേട്ടാല്‍ അങ്ങ് അഫ്ഗാനിസ്ഥാനിലേയോ നേപ്പാളിലേയൊ ഏതോ റയില്‍വേ എന്നൊന്നും കരുതിക്കളയരുത്. നമ്മുടെ മൂന്നാറില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന റയില്‍വേയാണത്. ഹ… നമ്മുടെ മൂന്നാറെന്നേ… ഇടുക്കിയിലെ ആ മൂന്നാര്‍ തന്നെ.

SANYO DIGITAL CAMERA

അങ്ങനെയൊരു സംഭവമുണ്ടായിരുന്നു. 1902 മുതല്‍ 1924 വരെ. മൂന്നാറില്‍ നിന്നും ടോപ്പ് സ്‌റ്റേഷന്‍ (തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള ഒരു സ്ഥലം. കേരള തമിഴ്‌നാട് അതിര്‍ത്തി) വരെ ഉണ്ടായിരുന്ന റയില്‍വേയാണ് കുണ്ടള വാലി റയില്‍വേ എന്ന പേരിലറിയപ്പെട്ടിരുന്നത്. പ്രധാനമായും മൂന്നാറില്‍ നിന്നും തേയില കയറ്റുമതിക്കുവേണ്ടിയായിരുന്നു ഈ റെയില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. അന്നിത് മോണോ റയില്‍പാതയായിരുന്നു.

DSC_0045

ഒരേയൊരു പാളം മാത്രമുള്ള റെയില്‍വേയ്ക്കാണ് മോണോ റെയില്‍ എന്നുപറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ മോണോ റയില്‍ സംവിധാനം കുണ്ടളവാലിയായിരുന്നു. മുമ്പിലേയും പിറകിലേയും ചക്രങ്ങള്‍ പാളംവഴി സഞ്ചരിക്കുമ്പോള്‍ വാഹനം ബാലന്‍സ് ചെയ്യാന്‍ സൈഡില്‍ ഒരു വലിയ ചക്രം കാണും ഈ ചക്രം പാളത്തിനു സമാന്തരമായ ചെറിയ റോഡില്‍ കൂടിയായിരിക്കും സഞ്ചരിക്കുന്നത്. ഇതാണ് മോണോ റയിലിന്റെ സംവിധാനം. കാളകളെ ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത് ഈ ട്രയിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.

SANYO DIGITAL CAMERA

മൂന്നാറില്‍ നിന്നും ടോപ്പ് സ്‌റ്റേഷനിലെത്തുന്ന തേയിലപ്പെട്ടികള്‍ അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ താഴെയുള്ള കോട്ടാഗുഡിയിലേക്ക് (ബോട്ടം സ്‌റ്റേഷന്‍) റോപ്പ്‌വേ വഴിയാണ് അയച്ചിരുന്നത്. അവിടെ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ബോഡിനായ്ക്കന്നൂരിലെത്തുന്ന ചരക്കുകള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കപ്പല്‍ വഴി ഇംഗ്ലണ്ടിലേക്കും കയറ്റിയയ്ക്കുമായിരുന്നു.

1908 ല്‍ മോണോ റയില്‍ മാറി നാരോ ഗേജ് പാതകള്‍ നിലവില്‍ വന്നതോടെ യഥാര്‍ത്ഥ ട്രയിനിന്റെ കാലമായി. ലൈറ്റ് സ്റ്റീം ലോക്കോമോട്ടീവ് എഞ്ചിനുപയോഗിച്ചുള്ള ട്രയിനായിരുന്നു ഇവിടെ സര്‍വ്വീസ് നടത്തിയിരുന്നത്. പഴയ കല്‍ക്കരി എഞ്ചിന്‍ തന്നെ. മൂന്നാറിനും ടോപ്പ് സ്‌റ്റേഷനുമിടയ്ക്ക് മധുപ്പട്ടി, പലാര്‍ സ്‌റ്റേഷനുകളും പ്രവര്‍ത്തിച്ചിരുന്നു.

DSC_0087

ഏതൊരു മുന്നേറ്റത്തിനും ഒരവസാനം ഉണ്ടെന്നതുപോലെ കുണ്ടളവാലി റെയില്‍വേയ്ക്കുമുണ്ടായിരുന്നു ഒരവസാനം. 1924ലെ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ തിമിര്‍ത്തുപെയ്ത പേമാരിയായിരുന്നു കുണ്ടളവാലിയുടെ അന്തകന്‍. ‘തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്ക’മെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച (കൊല്ലവര്‍ഷം 1099 ല്‍ നടന്നതിനാലാണ് ആ പേര് വന്നത്) ഈ പ്രളയം മൂന്നാറിനെ ഒന്നാകെ നശിപ്പിച്ചുകളഞ്ഞു. കൂട്ടത്തില്‍ കുണ്ടളവാലിയും. സമുദ്രനിരപ്പില്‍ നിന്നും 6500 അടി ഉയരത്തിലുള്ള മൂന്നാറിനെ വരെ ആ വെള്ളപ്പൊക്കം ബാധിച്ചു എന്നു പറയുമ്പോള്‍ പ്രളയത്തിന്റെ കാഠിന്യം ഊഹിക്കാവുന്നതേയുള്ളൂ. അത്രയും വലിയൊരു വെള്ളപ്പൊക്കം മലയാള നാട് അതിനു മുന്നും പിമ്പും അനുഭവിച്ചിട്ടില്ലെന്നത് ചരിത്രം.

DSC_0335

ഇന്നും കുണ്ടളവാലിയുടെ ചെറിയ അവശിഷ്ടങ്ങള്‍ മൂന്നാര്‍ യാത്രയ്ക്കിടയില്‍ കാണാന്‍ കഴിയും. ഇന്നത്തെ ടാറ്റാ ടീ ലിമിറ്റഡിന്റെ ഹൗസിംഗ് റീജീയണല്‍ ഓഫീസായി ഉപയോഗിക്കുന്ന കെട്ടടമാണ് പണ്ടത്തെ മൂന്നാര്‍ റയില്‍വേ സ്‌റ്റേഷന്‍. ഇന്ന് അലുമിനിയം പാലമെന്നു പറയുന്ന പണ്ടത്തെ റയില്‍വേ പാലത്തില്‍ കൂടി ഇന്ന് സാധാ വാഹനങ്ങളാണ് കടന്നു പോകുന്നത്.