ക്രൊയേഷ്യയോട് തോറ്റ കാമറൂണ്‍ പുറത്ത്

single-img
19 June 2014

croatia-cameroonമനൗസ്: ക്രൊയേഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ ക്രൊയേഷ്യക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടിയ മരിയോ മന്‍സുകിച്ചും ഓരോ ഗോള്‍ വീതം നേടിയ  ഇവാന്‍ പെരിസിച്ചും ഒലീച്ചുമാണ് സ്കോര്‍ ചെയ്തത്. ലോകകപ്പില്‍ ക്രൊയേഷ്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

കളി തുടങ്ങി 11-ാം മിനിറ്റില്‍ ഇവിക്ക് ഒലീച്ച് ക്രൊയേഷ്യയെ മുന്നിലത്തെിച്ചു.   ഇതിനിടെ 40-ാം മിനിട്ടില്‍ കാമറൂണിന്റെ അലക്സി സോങ്  ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് കൊണ്ട് ബാക്കി സമയം 10 പേരുമായി കളിക്കേണ്ടി വന്നു.
രണ്ടാം പകുതിയിലാണ് ക്രൊയേഷ്യയുടെ അവസാന മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 48-ാം മിനിട്ടില്‍ പെരിസിച്ച് കാമറൂണ്‍ വല ചലിപ്പിച്ചു.
61-ാം മിനിറ്റില്‍ മനോഹരമായ ഹെഡ്ഡറിലൂടെ  മരിയോ മന്‍സുകിച്ച്  ക്രൊയേഷ്യയുടെ ലീഡ് 3-0 ആയി ഉയര്‍ത്തി.
ഒടുവിൽ 73-ാം മിനിട്ടില്‍ മാന്‍സുകിച്ച് ഒരിക്കല്‍ക്കൂടി കാമറൂണ്‍ വല ചലിപ്പിച്ചു.
അടുത്ത മത്സരത്തില്‍ ബ്രസീലാണ് കാമറൂണിന്റെ എതിരാളികള്‍. ചൊവ്വാഴ്ച നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ക്രൊയേഷ്യ മെക്‌സിക്കോയെ നേരിടും.