കേരളമോട്ടോര്‍ വെഹിക്കിളിന്റെ വെബ്‌സൈറ്റില്‍ കാണുന്ന തിരുവനന്തപുരം ആര്‍.ടി.ഒയുടെ നമ്പരില്‍ വിളിക്കരുത്; ആ നമ്പര്‍ ഒരു പാവം കോഴിക്കോട്കാരന്റേതാണ്

single-img
18 June 2014

MVDകേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിന്റെ ടെലിഫോണ്‍ ഡയറക്ടറിയില്‍ കയറിയാല്‍ ഡിപ്പാര്‍ട്ട്‌മെന്‍്‌റിന്റെ കീഴിലുള്ള എല്ലാ ഓഫീസിലേയും ടെലഫോണ്‍ നമ്പരും മൊബൈല്‍ നമ്പരും അറിയാം. എന്നാല്‍ ഇതിലേക്ക് വിളിച്ചാല്‍ പല കോളുകളും ആരും എടുക്കാറില്ല. പക്ഷേ എടുക്കുന്ന ഒരു നമ്പരുണ്ട്. തിരുവനന്തപുരം റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ നമ്പരായി കൊടുത്തിരിക്കുന്ന 9895713910 എന്ന നമ്പര്‍. പക്ഷേ എടുത്തശേഷം സംസാരിക്കുന്നത് കോഴിക്കോടുള്ള ഒരു സ്റ്റാര്‍ലിന്‍ ജോര്‍ജ്ജ് എന്ന യുവാവാണ്.

ദിവസവും നൂറുകണക്കിനാള്‍ക്കാരാണ് വാഹനസംബന്ധമായ ഓരോ ആവശ്യവും ഉന്നയിച്ച് സ്റ്റര്‍ലിനെ വിളിക്കുന്നത്. പക്ഷേ സ്റ്റാര്‍ലിനും അറിയില്ല തന്റെ നമ്പര്‍ എങ്ങനെയാണ് തിരുവനന്തപുരം ആര്‍.ടി. ഓഫീസിന്റെ നമ്പരായതെന്ന്. മൂന്ന് വര്‍ഷം മുമ്പ് തന്റെ സഹോദരന്റെ പേരിലെടുത്ത നമ്പരാണ്ഇതെന്നും സ്റ്റാര്‍ലിന്‍ പറയുന്നു.

തിരുവമ്പാടി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ സ്റ്റാര്‍ലിന്‍ വാഹന ഉപഭോക്താക്കളുടെ ഫോണ്‍ വിളികാരണം വലഞ്ഞിരിക്കുകയാണ്. എന്നാല്‍ വിളിക്കുന്ന ആരോടും സ്റ്റാര്‍ലിന്‍ ദേഷ്യപ്പെടാറില്ല. ബുദ്ധിമുട്ടാണെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുയാണ് ചെയ്യുക.

98957139 എന്ന സീരീസില്‍പ്പെട്ട നമ്പരുകളാണ് വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപയോഗിക്കുന്നത്. അതില്‍ അവസാനം 10 ആണ് സ്റ്റാര്‍ലിന്റെ നമ്പര്‍ 11 കൊല്ലം ജില്ലാ ആര്‍.ഡി.ഓഫീസിലെ നമ്പരാണ്. അതുപോലെ 20, 21, 31 ഒക്കെ വേറെ ആര്‍.ടി ഓഫീസിലെ നമ്പര്‍ തന്നെയാണ്. പക്ഷേ സാധാരണ രീതിയില്‍ സിം കാര്‍ഡ് എടുത്ത തനിക്ക് എങ്ങനെയാണ് ഈ നമ്പര്‍ കിട്ടിയതെന്നാണ് സ്റ്റാര്‍ലിന്‍ ചോദിക്കുന്നത്.

പല ആര്‍.ടി ഓഫീസിലേക്കും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്ന് പരാതി നിലനില്‍ക്കവേയാണ് തെറ്റായ നമ്പര്‍ കൊടുത്ത് ജനങ്ങളെയും ആ നമ്പരിന്റെ യഥാര്‍ത്ഥ ഉടമയേയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ വാഹന ഉപഭോക്താക്കളെ വഴിയില്‍ തടഞ്ഞു നിര്‍ത്തുന്നതിനും പിഴ ഈടാക്കുന്നതിനും യാതൊരു കാലതാമസവും ഡിപ്പാര്‍ട്ട്‌മെന്റ് വരുത്താറില്ല.