വെറും 100 രൂപയ്ക്ക് വൈദ്യുതി ഇല്ലാതെ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ഉപകരണവുമായി മലയാളി

single-img
18 June 2014

bAIJUവൈദ്യുതിയില്ലാതെ തന്നെ മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ഉപകരണവുമായി മലയാളി അത്ഭുതപ്പെടുത്തുന്നു. ഇനി വരും കാലങ്ങളില്‍ ഒരുപക്ഷേ ഇലക്‌ട്രോണിക് സങ്കല്‍പ്പങ്ങളെതന്നെ മാറ്റി മറിക്കാവുന്ന ട്രാവല്‍മേറ്റ് മൈക്രോ വിന്‍ഡ് ഡ്രിവണ്‍ ഡിവൈസ് ചാര്‍ജര്‍ എന്ന ഉപകരണത്തിന്റെ നിര്‍മ്മിതിയിലൂടെ കെ.എസ്.ഇ.ബി എന്‍ജിനിയര്‍ കെ.സി.ബൈജുവാണ് മലയാളികള്‍ക്കഭിമാനമായി ശ്രദ്ധേയനായിരിക്കുന്നത്.

സൈക്കിള്‍, ബൈക്ക്, കാര്‍ ഉള്‍പ്പെടെയുള്ള ഏത് വാഹനത്തില്‍ യാത്രചെയ്യുമ്പോഴും യാത്രയില്‍ കിട്ടുന്ന കാറ്റുപയോഗിച്ച് വൈദ്യുതി ത്പാദിപ്പിക്കാനാകുന്ന വിന്‍ഡ് ഡ്രിവണ്‍ ഡൈനാമോഅഥവാ മൈക്രോ വിന്‍ഡ് മില്‍ ആണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രധാനഭാഗം. വാഹനം സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന കാറ്റ് ഉപകരണത്തിന്റെ ഡൈനാമോയുടെ ഫാനിന്റെ ലീഫുകളെ കറക്കുകയും ഇതില്‍ വൈദ്യുതി ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കിട്ടുന്ന വൈദ്യുതിയെ പ്രത്യേക റെക്ടിഫയര്‍ റെഗുലേറ്റര്‍ സര്‍ക്യൂട്ടിലൂടെ കടത്തിവിട്ട് ചെറിയ യു എസ്ബി കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണവുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഇത്രയും സങ്കീര്‍ണ്ണത വായിച്ച് പേടിക്കുകയൊന്നും വേണ്ട. ഈ ഉപകരണം ഒരു കൈക്കൊതുങ്ങുന്നതേയുള്ളു. വളരെ ചെറുതായതിനാല്‍ കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും ഏറെ സൗകര്യപ്രദമാണ്. സൈക്കിളും ബൈക്കും പോലുള്ള വാഹനങ്ങളുടെ ഹാന്‍ഡിലില്‍ ഘടിപ്പിക്കുകയോ യാത്രയ്ക്കിടെ ഷര്‍ട്ടിനുപുറത്ത് ഐഡന്റിറ്റി കാര്‍ഡുപോലെ തൂക്കിയിട്ടോ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് ബൈജു പറഞ്ഞു. വാഹനത്തിന്റെ വേഗം െവറും 15 കിലോമീറ്റര്‍ മതി ഈ ഉപകരണം പ്രവര്‍ത്തിക്കാന്‍ എന്നുള്ളതാണ് ഇതിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

ചെറുതായി ഇലക്‌ട്രോണിക് വൈദഗ്ധ്യം ഉള്ള ഏതൊരാള്‍ക്കും ഇത് നിര്‍മിക്കാനാകുമെന്നും വെറും നൂറു രൂപയ്ക്കടുത്ത് ചെലവെ ഇതിന് വരുള്ളുവെന്നും ബൈജു പറഞ്ഞു. മാത്രമല്ല ചെറിയ പരിഷ്‌ക്കരണങ്ങള്‍ കൂടിവരുത്തിയാല്‍ ഇതുപയോഗിച്ച് ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുമൊക്കെ ചാര്‍ജ് ചെയ്യാനാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബൈജുവിന്റെ കണ്ടുപിടുത്തങ്ങള്‍ ഈ ഉപകരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. വൈദ്യുതി കമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്ന എല്‍സാം എന്ന ഉപകരണം, പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും നിര്‍മ്മിക്കാവുന്ന ഇഷ്ടിക, കമ്പ്യൂട്ടര്‍ മൗസിനു പകരം വികലാംഗര്‍ക്ക് ഉപയോഗിക്കാന്‍ തയ്യാറാക്കിയ ക്യാച്ച് എന്ന ഉപകരണം എന്നിവ ബൈജുവിന്റെ കഴിവിന് ഉദാഹരണങ്ങളാണ്.

കേരള സംസ്ഥാന സര്‍ക്കാരിന്റെ 2013-ലെ ഊര്‍ജസംരക്ഷണ അവാര്‍ഡ്, റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും ബൈജുവിനെ തേടിയെത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ അരൂര്‍ ആര്‍എപിഡി ആര്‍പി സെക്ഷനില്‍ സബ് എന്‍ജിനിയറാണ് ബൈജുവിന്റെ ഭാര്യ വൈക്കം ആശ്രമം സ്‌കൂള്‍ അധ്യാപികയായ അശ്വതിയാണ്. പട്ടണക്കാട് പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷയ് ബൈജു മകനും.