ജൂനിയർ ബിന്നിയുടെ മികവിൽ ഇന്ത്യക്ക് ഏകദിന പരമ്പര

single-img
18 June 2014

binniധാക്ക: രണ്ടാം മത്സരത്തിലും ജയിച്ച് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.  മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 2-0ത്തിന് നേടിയത്. മഴ കളി തടസ്സപ്പെടുത്തിയ കാരണം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 41 ഓവറായി ചുരുക്കിയ മത്സരത്തില്‍ 47 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 105 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരുടെ ഇന്നിംഗ്‌സ 17.4 ഓവറിൽ 58 റണ്‍സിന് അവസാനിച്ചു. നാല് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയുടെ വിജയ ശില്‍പി.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 4 വിക്കറ്റ് നേടിയ മോഹിത് ശര്‍മ്മ ബിന്നിക്ക് മികച്ച പിന്തുണ നല്‍കി.  മിഥുന്‍ അലി(26), നായകന്‍ മുഷ്ഫിഖര്‍ റഹീം(11) എന്നിവരൊഴികെയുള്ള ബംഗ്ലാ താരങ്ങളെല്ലാം രണ്ടക്കം കാണാതെ പുറത്തായി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ തസ്‌കിന്‍ അഹമ്മദിന്റെ ബൗളിംഗ് പ്രകടന മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 105 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു.  ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യക്ക് വേണ്ടി നായകന്‍ റെയ്‌ന 27 റണ്‍സും ഉമേഷ് യാദവ് 17ഉം റണ്‍സ് നേടി.