സർക്കാർ ആശുപത്രി വളപ്പിൽ മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് വീണ് അച്ഛൻ മരിച്ചു

single-img
16 June 2014

treeതിരുവനന്തപുരത്ത് സർക്കാർ ആശുപത്രി വളപ്പിൽ മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് വീണ് അച്ഛൻ മരിച്ചു. രണ്ടര വയസുകാരിയായ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

മന്ദികളം ചരുവിള വീട്ടിൽ ചന്ദ്രൻ (40)ആണ് പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച്ചയായി മകൾ ആന് ഈ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ചന്ദ്രനും മകളും കെ.എച്ച്.ആർ.എ.ഡബ്ളിയു.എസ് പേവാർഡിന് സമീപമുള്ള വലിയ ശീമകൊന്ന മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുമ്പോയിരുന്നു അപകടം. മകൾ അച്ഛന്റെ മടിയിൽ നിന്നിറങ്ങി കളിച്ചു നടക്കുകയായിരുന്നു. മരകൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് ചന്ദ്രൻ കുഞ്ഞിന്റെയടുത്ത് ഒാടിയെത്തി .കുഞ്ഞിനെ എടുക്കാൻ കുനിഞ്ഞതും ചന്ദ്രന്റെ കഴുത്തിൽ മരക്കൊമ്പ് വീഴുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു. ഭാര്യ: മഞ്ജു, മകൻ: അജിൻ(8).

 

അതേസമയം സംഭവമറിഞ്ഞ് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാർ ആശുപത്രിയിലെത്തി 10000രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ആർക്കെങ്കിലും ജോലി നൽകുന്നതിനെയും, മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്ന് അഞ്ച് ലക്ഷം നൽകുന്നതിനെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.