ഇങ്ങനെയും ഒരു മനുഷ്യന്‍; വീടും ഭൂമിയുമില്ലാത്ത 12 കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള സ്വന്തം ഭൂമി പകുത്തു നല്‍കിയ മഹാന്‍

single-img
16 June 2014

Nadarajanവസ്തുവോ വീടോ ഇല്ലാത്ത പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള തന്റെ 50 സെന്റ് ഭൂമി പകുത്ത് നല്‍കി പോത്തുപാറ നിരവില്‍വീട്ടില്‍ നടരാജന്‍ വിസ്മയം തീര്‍ത്തിരിക്കുന്നു. അതിജീവനത്തിന്റെ കനല്‍വഴികള്‍ താണ്ടിയെത്തിയ ഈ എഴുപത്തിരണ്ടുകാരന്‍ ഇന്നലെ ചെയ്തത് നിരാലംബര്‍ക്ക് ആശ്രയം നല്‍കുക മാത്രമായിരുന്നില്ല, പരിസ്ഥിതിയെ കാര്‍ന്നു തിന്നുന്ന ഒരു മഹാവിപത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയായിരുന്നുവത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെവീടിനു സമീപമാരംഭിച്ച ക്രഷര്‍ യൂണീറ്റ് ഒരു നാടിനെ അനാഥമാക്കിയ കാഴ്ചയുടെ ദൃക്‌സാക്ഷികൂടിയാണ് അദ്ദേഹം. അയല്‍ക്കാരെ മുഴുവന്‍ പണത്തിന്റെയും ഭീഷണിയുടെയും ബലത്തില്‍ ഒഴിപ്പിച്ച് ആ നാട് പിടിച്ചെടുത്ത ക്രഷര്‍ യൂണീറ്റിന് പക്ഷേ നടരാജനെ തൊടാനായില്ല. പേരിന് ഒരു അയല്‍പ്പക്കം പോലുമില്ലാതെ വര്‍ഷങ്ങളോളം നടരാജന്‍ അവിടെ ഒറ്റയ്ക്ക് താസിച്ചു.

ക്രഷര്‍ യൂണിറ്റിനുസമീപം സ്ഥലം വിട്ടുനല്‍കാതെ, ഒറ്റയാള്‍ പോരാട്ടം നടത്തിയ നടരാജനെ ക്രഷര്‍ ഉടമകളുടെ സ്വാധീനത്താലും മറ്റും ദ്രോഹിച്ചു. പഞ്ചായത്ത് കുടിവെള്ളവും വൈദ്യുതിയും നിഷേധിച്ചു. 1.3 ഏക്കര്‍ സ്ഥലത്ത് ഷീറ്റിട്ട് നിര്‍മിച്ച ഒരു ചെറിയ കൂരയിലാണ് നടരാജന്‍ ഇപ്പോഴും കഴിയുന്നത്. അസൗകര്യങ്ങള്‍ നിറഞ്ഞ ഈ വീട്ടില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വൈദ്യുതി നല്‍കുമെന്നുപറഞ്ഞ് അധികൃതര്‍ വയറിങ്ങും ചെയ്യിപ്പിച്ചെങ്കിലും പിന്നീട് ഫയല്‍ മടക്കി. അതിനുപറഞ്ഞ കാരണം രസകരമാണ്: നടരാജന് അയല്‍ക്കാരില്ല.

ഒടുവില്‍ അദ്ദേഹം തീരുമാനിച്ചു. പോയവര്‍ക്ക് പകരം പുതിയ അയല്‍ക്കാരെ കൊണ്ടുവരണം. അത് എങ്ങുമാശ്രയമില്ലാത്തവര്‍ തന്നെയായിക്കോട്ടെ. സ്വന്തമായുണ്ടായിരുന്ന 1.3 ഏക്കറില്‍ നിന്നും അങ്ങനെയാണ് നടരാജന്‍ 50 സെന്റ് പന്ത്രണ്ട് കുടുംബങ്ങള്‍ക്കായി ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഭൂമി ഏറ്റുവാങ്ങിയവരോട് നടരാജന്‍ ഒരു നിബന്ധന മാത്രമേ വെച്ചുള്ളു. ഇരുപത് വര്‍ഷത്തേക്ക് ഇവിടം വിട്ടു പോകില്ലെന്നും വസ്തു കൈമാറ്റം ചെയ്യില്ലെന്നുമുള്ള ഉറപ്പ്. വസ്തുവാങ്ങാനെത്തിയവര്‍ അത് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.

വേണമായിരുന്നെങ്കില്‍ നടരാജനും കിട്ടിയ വിലയ്ക്ക് വസ്തു മറ്റാര്‍ക്കെങ്കിലും കൊടുത്ത് മറ്റൊരിടത്തേക്ക് താമസം മാറാമായിരുന്നു. അങ്ങനെ ചെയ്യാതെ പ്രകൃതിയെ ദ്രോഹിക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത്, സ്വന്തമായുള്ളത് വീതിച്ച് പന്ത്രണ്ടുപേരുടെ കണ്ണീരൊപ്പിയ നടരാജനാണ് യഥാര്‍ത്ഥ മഹാന്‍.