കാഷ്മീരിനെ മോചിപ്പിക്കാന്‍ ജിഹാദിന് അല്‍ക്വയ്ദ ആഹ്വാനം

single-img
16 June 2014

kashmirmspഇന്ത്യയെ തകര്‍ക്കാനും കാഷ്മീരിനെ േമാചിപ്പിക്കാനും വിശുദ്ധയുദ്ധത്തിന് തയാറാകാന്‍ ഭീകരസംഘടനയായ അല്‍ക്വയ്ദ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ അവര്‍തന്നെ പരസ്യമാക്കി. സിറിയയിലെയും ഇറാക്കിലെയും സഹോദരന്മാരെ മാതൃകയാക്കി ഇന്ത്യക്കെതിരേ യുദ്ധത്തിനു തയാറാകണമെന്നാണ് അല്‍ക്വയ്ദയുടെ പാക്കിസ്ഥാനിലെ മുതിര്‍ന്ന നേതാവ് മൗലാന അസിം ഉമര്‍ വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നത്.

അല്‍ക്വയ്ദയുടെ മാധ്യമവിഭാഗമായ അല്‍ ഷബാബ് തയാറാക്കിയ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉറുദുവിലാണ്. കാഷ്മീരിനെ മോചിപ്പിക്കാനായി അഫ്ഗാനിസ്ഥാനില്‍നിന്നും ഒരു വാഹനം നിറയെ പോരാളികള്‍ എത്തുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കാഷ്മീരിനെ മോചിപ്പിക്കാന്‍ വീഡിയോയിലൂടെ അല്‍ക്വയ്ദ ആഹ്വാനം ചെയ്യുന്നത് ആദ്യമായാണ്. അല്‍ക്വയ്ദയുടെ നേതാവ് സവാഹിരി മുമ്പു പുറത്തിറക്കിയിട്ടുള്ള പല വീഡിയോകളിലും കാഷ്മീര്‍ പരാമര്‍ശവിഷയം മാത്രമേ ആയിരുന്നുള്ളൂ.

2010ല്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. 2010ല്‍ സൈന്യത്തിന്റെ വെടിയേറ്റു കാഷ്മീരില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു റോഡ് ഉപരോധിച്ചവരുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2011 മേയില്‍ ഒസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍വച്ചു കൊല്ലപ്പെട്ടശേഷം അല്‍ക്വയ്ദയുടെ തലപ്പത്ത് എത്തിയ ഈജിപ്തുകാരനായ അയ്മന്‍ അല്‍ സവാഹിരി പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തീവ്രവാദ ഗ്രൂപ്പുകളെ സജീവമാക്കാന്‍ ശ്രമിച്ചുവരികയാണ്.