പ്രധാനപ്പെട്ട ചുമതലകള്‍ ലഭിച്ചില്ല; അനിതാ പ്രതാപ് ആം ആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു: പാര്‍ട്ടി വിട്ടേക്കും

single-img
16 June 2014

anithaകഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിതാ പ്രതാപ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നാണ് അനിത രാജിവച്ചത്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ കൂടിയ എഎപിയുടെ കേന്ദ്രകമ്മിറ്റിയിലെ തീരുമാനപ്രകാരം സംസ്ഥാനത്തെ ചുമതലകള്‍ വീതിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട ചുമതലകള്‍ ലഭിക്കാത്തതാണ് അനിതയുടെ രാജിക്ക് കാരണമായതെന്നാണ് പറയുന്നത്. സാറാജോസഫിനെ ഈ യോഗത്തില്‍ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനെതിരെയുള്ള പ്രതിഷേധവും രാജിയിലുണ്ടെന്ന് പറയപ്പെടുന്നു.

ഇപ്പോള്‍ ടോക്കിയോയിലുള്ള അനിതാ പ്രതാപ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചുവെന്ന് കാട്ടിയുള്ള ഇ-മെയില്‍ സന്ദേശം നേതാക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അനിത പാര്‍ട്ടി വിട്ടേക്കുമെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദേശീയ തലത്തില്‍ തന്നെ പ്രമുഖരായ പലരും അടുത്തിടെ എഎപില്‍ നിന്നും രാജിവച്ചിരുന്നു.