കരീം ബെന്‍സെമ ഫ്രാന്‍സിനെ കരകയറ്റി

single-img
16 June 2014

karmbenzi പോര്‍ട്ടൊ അലെഗ്രെ: കരീം ബെന്‍സെമയുടെ സ്‌കോറിങ് മികവ് കൊണ്ട് ഹോണ്ടുറാസിനെ മറികടന്ന മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തുടങ്ങി(3-0). 1998നുശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തുടങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ടീമിലിടം നേടാന്‍ കഴിയാതിരുന്ന ബെന്‍സെമ രണ്ടു ഗോള്‍ നേടി. മൂന്നാമത്തെ ഗോളിനെ സെല്‍ഫ് ഗോളാണെന്ന് റഫറി വിധിച്ചു.

45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ബെന്‍സെമ ഫ്രാൻസിനെ മുന്നിലെത്തിച്ചത്. പോഗ്ബയെ വില്‍സണ്‍ പലാസിയോസ് തള്ളിയിട്ടതിന് കിട്ടിയ കിക്കാണ് ഗോളിയെ കബളിപ്പിച്ച് വലത്തേ മൂലയിലേയ്ക്ക് പായിച്ച് ബെന്‍സെമ ലീഡ് നേടിയത്. ഈ ഫൗളിന്റെ പേരില്‍ രണ്ടാം മഞ്ഞയും അതുവഴി ചുവപ്പും കിട്ടി പലാസിയോസ് ഗ്രൗണ്ട് വിട്ടത്.

ഗോള്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടാം ഗോൾ ഫ്രാന്‍സ് വലയിലാക്കി. കബായെ നല്‍കിയ കൃതതയാര്‍ന്ന ഒരു നെടുനീളന്‍ ക്രോസ് പിടിച്ചെടുത്ത് ഇടതുവശത്ത് നിന്ന് ബെന്‍സെമ തൊടുത്ത വോളി വലത്തെ പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും റീബൗണ്ട് കൈയിലൊതുക്കാനുള്ള ഗോളി വാള്‍ഡരെസിന്റെ കൈയില്‍ തട്ടി പന്ത് ഗോള്‍ ലൈന്‍ കടന്നു. ആ ഗോളിനെ സെൽഫ് ഗോളായി അനുവദിച്ചുകൊടുത്തു.

72-ാം മിനിറ്റില്‍ വീണ്ടും ബെന്‍സെമയുടെ ഗോളിൽ ഫ്രാൻസ് ലീഡുയര്‍ത്തി. പന്ത് വലതു ഭാഗത്ത് വിഷമകരമായ ഒരു ആംഗിളില്‍ നിന്നാണ് ബെന്‍സെമ ഗോളിലേയ്ക്ക് തൊടുത്തത്.