ഇറാഖിൽ മലയാളി നഴ്‌സുമാര്‍ ഉടന്‍ ജോലിക്ക് ഹാജരാകാൻ ഭീകരരുടെ നിര്‍ദേശം

single-img
16 June 2014

IndianNurseOct202012ഇറാക്കിലെ തിക്രിത്തില്‍ ആശുപത്രികളിലെ മലയാളി നഴ്‌സുമാരോടു ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ വിമത ഭരണാധികാരികളുടെ നിര്‍ദേശം. ആഭ്യന്തര കലാപത്തെത്തുടര്‍ന്നു വിവിധസ്ഥലങ്ങളില്‍ കുടുങ്ങിയ നഴ്‌സുമാര്‍ക്കാണു ഭീകരരുടെ നിര്‍ദേശം ലഭിച്ചത്.

സുരക്ഷിതമാണെന്നും ജോലിക്കു ഹാജരായാല്‍ ശമ്പളം നല്കാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ജോലിക്ക് എത്തിയ നഴ്‌സുമാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികള്‍ക്കു മരുന്നു നല്കിയശേഷം വീണ്ടും താമസസ്ഥലത്തേക്കു മടങ്ങി.

നാട്ടിലെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ നാട്ടിലുള്ളവരെ അറിയിച്ചത്.

തിക്രിത്തിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെല്ലാം മലയാളികളാണ്.. ലക്ഷങ്ങള്‍ നല്കി ജോലി വാങ്ങിയവരാണു പലരും. 15 പേര്‍ നാലു മാസം മുമ്പാണു എത്തിയത്. ഇവര്‍ക്കു നിലവില്‍ ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്കും ഒരു മാസത്തെ ശമ്പളം കുടിശികയുണ്ട്.

ആശുപത്രി ഉള്‍പ്പെടുന്ന പ്രദേശം പൂര്‍ണമായി വിമതരുടെ പിടിയിലാണ്. ബാഗ്ദാദ് – തിക്രിത്ത് പാത പൂര്‍ണമായും വിമതരുടെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ വാഹനത്തില്‍ ബാഗ്ദാദിലേക്കു വരികയെന്നതു ദുഷ്‌കരമാണെന്നും ഇന്ത്യന്‍എംബസി അധികൃതര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇന്ത്യാക്കാരെ ഒഴിപ്പിക്കില്ലെന്നും സ്വന്തം ചിലവിൽ അത് ചെയ്യാമെന്നാണു ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്

ഇറാഖിലെ ഇന്ത്യന്‍ എംബസിയില്‍ വിദേശകാര്യ മന്ത്രാലയം ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ 009647704444899, 009647704843247.