പൊന്നുമോന്‍ മറ്റൊരാളിലൂടെ ജീവിക്കണം; സങ്കടക്കടലിനിടയിലും അച്ഛനമ്മമാരുടെ ദൃഡനിശ്ചയം

single-img
14 June 2014

Suryadev111രണ്ടുവയസ്സുകാരന്‍ സൂര്യദേവ് മൗലി ഈ ലോകത്തു നിന്നും യാത്രയായെങ്കിലും അവന്റെ കണ്ണുകളിലൂടെ അവന്‍ ഇവിടെ ജീവിക്കും. ജീവിതം എന്താണെന്നറിയുന്നതിനു മുമ്പ് വിധി തട്ടിയെടുത്ത പൊന്നോമനയുടെ കണ്ണുകള്‍ ചങ്കുപൊട്ടുന്ന വേദനയ്ക്കിടയിലും മറ്റൊരാളിലൂടെ പ്രകാശിക്കണമെന്ന ദൃഡനിശ്ചയമെടുത്ത ആ അച്ഛനമ്മമാരാണ് പുത്രനെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ മാതാപിതാക്കള്‍.

കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച വെഞ്ഞാറമൂട് സ്വദേശിയായ രണ്ടു വയസുകാരന്‍ സൂര്യദേവ മൌലിയുടെ കണ്ണുകളാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരം ദാനം ചെയ്തത്.

കളിചിരിയുമായി വീടലങ്കരിച്ചിരുന്ന പൊന്നുമോന്റെ വേര്‍പാട് തീരാ നഷ്ടമാണെങ്കിലും അവന്റെ കണ്ണുകള്‍ മറ്റൊരാളിലൂടെ ഈ ലോകം കാണണമെന്നും അവരിലൂടെ മകന്‍ ജീവിക്കണമെന്നും സൂര്യദേവ മൌലിയുടെ മാതാപിതാക്കളായ ചന്ദ്രമൌലി സനകനും ലേഖയും തീരുമാനിക്കുകയായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും അവര്‍ അതിനായി കണ്ണാശുപത്രി അധികൃതരെ സമീപിച്ചു . തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയില്‍ നിന്നും വിദഗ്ധരെത്തി മാതാപിതാക്കളുടെ ആവശ്യം നിറവേറ്റി.

സൂര്യദേവ് മൗലിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് വെളിച്ചമേകും. മകന്റെ അകാല വിയോഗത്തില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും അവന്‍ കണ്ണുകളിലൂടെയെങ്കിലും ജീവിക്കുമെന്നുള്ള ആശ്വസം അവര്‍ക്കുണ്ട്. നന്‍മ ചെയ്യാനായതിന്റെ ആശ്വാസവും.