ഗ്രൂപ്-ഡിയിൽ ഇന്ന് ഇംഗ്ളണ്ടും ഇറ്റലിയും തമ്മിൽ ഏറ്റ്മുട്ടും

single-img
14 June 2014

sterling-gettyറിയോ ഡെ ജനീറോ: ഗ്രൂപ്-ഡിയിലെ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇംഗ്ളണ്ടും ഇറ്റലിയും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഇരുടീമുകളും ബൂട്ടുകെട്ടിയിറങ്ങുന്നത് ജയം മാത്രം ലക്ഷ്യമിട്ടാണ്. ആന്ദ്രേ പിര്‍ലോയും മരിയോ ബലോട്ടലിയും ഒരുവശത്തും വെയ്ന്‍ റൂണിയും സ്റ്റീവന്‍ ജെറാര്‍ദും മറുവശത്തും അണിനിരക്കുന്ന പോരാട്ടത്തിന് ഏവരും ഉറ്റുനോക്കുന്നു. വ്യാഴാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ് ഇടതു വിങ് ബാക് മാറ്റിയ ഡി സിഗ്ളിയോ പുറത്തായത് ഇറ്റലിക്ക് ആശങ്കയുണ്ട്.

ഇതു കൂടാതെ നേരത്തെ ഇറ്റലിയുടെ പ്രതിരോധക്കോട്ടയുടെ ആണിക്കല്ലായ ഗോള്‍കീപ്പര്‍ ബഫണ് പരിശീലനത്തിനിടെ പരിക്കേറ്റത് ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന അസൂറിപ്പടയെ ആശങ്കയിലാഴ്ത്തി. ക്യാപ്റ്റന്‍ ബഫണ് അമസോണിയ അറീനയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് കാല്‍ക്കുഴക്ക് പരിക്കേറ്റത്. എന്നാല്‍, പരിക്ക് ഗുരുതരമല്ലെന്ന് ടീം മാനേജര്‍ സീസര്‍ പ്രാന്‍ഡെല്ലി മാധ്യമങ്ങളോട് പറഞ്ഞു.

ആഷ്ലി കോളുള്‍പ്പെടെ വെറ്ററന്‍സിനെ കരക്കിരുത്തി റഹീം സ്റ്റെര്‍ലിങ്, റോസ് ബാര്‍ക്ലി, അലക്സ് ഓക്സ്ലേഡ് തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി റോയ് ഹോഡ്ജ്സണ്‍ പരീക്ഷണത്തിന് മുതിര്‍ന്നത് ഇംഗ്ളണ്ടിനും പ്രതീക്ഷ നല്‍കുന്നുണ്ട്. ബാര്‍ക്ലി പക്ഷേ, ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയേക്കില്ളെന്നാണ് സൂചന.

മോശം പ്രകടനത്തിന്‍െറ പേരില്‍ ഏറെ പഴികേട്ട വെയ്ന്‍ റൂണിയെ പുറത്തിരുത്തണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ശക്തമാണെങ്കിലും അവസാന ഇലവനില്‍ താരം ഉണ്ടാകുമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു.  ഇരു ടീമും 24 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഇംഗ്ളണ്ടും ഒമ്പതുതവണ ഇറ്റലിയും ജയിച്ചതാണ് പഴയ കഥയെങ്കിലും അവസാന 11 മത്സരങ്ങളില്‍ രണ്ടുതവണ മാത്രമാണ് ഇംഗ്ളണ്ട് ജയം കണ്ടത്.