1500 രൂപയ്ക്ക് ഫയര്‍ഫോക്സ് സ്മാര്‍ട്ട്‌ഫോണുകളുമായി മോസ്സില്ല ഇന്ത്യന്‍ വിപണിയില്‍

single-img
13 June 2014

ഷാങ്ങ്ഹായ് : 1500 രൂപയ്ക്ക് ($25) ഫയര്‍ഫോക്സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ മോസ്സില്ല ഒരുങ്ങുന്നു.ഫയര്‍ഫോക്സ് വെബ്‌ ബ്രൌസറിന്റെ ഉപജ്ഞാതാക്കളായ മോസില്ല കോര്‍പ്പറേഷന്‍ ഫയര്‍ഫോക്സ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത് ഈയിടെയാണ്.ചൈനയുടെ തലസ്ഥാനമായ ഷാങ്ങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യാ എക്സ്പോയില്‍ വെച്ചാണ് മോസ്സില്ല ഫയര്‍ഫോക്സ് ഒ എസ് ഓപ്പണ്‍ മൊബൈല്‍ എക്കോ സിസ്റ്റം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

ബാര്‍സിലോണയില്‍ വെച്ച് നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കുന്നതായി പ്രഖ്യാപിച്ചത്. 25 ഡോളര്‍ വിലയില്‍ മാര്‍ക്കറ്റില്‍ ഇറക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ മാതൃകയാണ് മോസ്സില്ല അവതരിപ്പിച്ചത്.ഇന്ത്യ , ഇന്തോനേഷ്യ പോലെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയാണ് പ്രധാനമായും ലക്‌ഷ്യം വെയ്ക്കുന്നത്.

ഉപഭോക്താക്കള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും യാതൊരു കോപ്പി റൈറ്റ് നിയന്ത്രണങ്ങളുമില്ലാതെ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാതൃകയില്‍ വിവരസാങ്കേതികവിദ്യ ലഭ്യമാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് മോസില്ല പ്രതിനിധികള്‍ അറിയിച്ചു.

നിലവില്‍ യൂറോപ്പില്‍ മോസ്സില്ല സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. ZTE corp, എല്‍ ജി ഇലക്ട്രോണിക്സ് എന്നിങ്ങനെ നാലോളം ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്താണ് ഫയര്‍ഫോക്സ് സ്മാര്‍ട്ട്‌ഫോണുകള്‍ യൂറോപ്പില്‍ ലഭ്യമാക്കുന്നത്.എന്നാല്‍ അവിടെ അതിനു വില 60 ഡോളര്‍ ( ഏകദേശം 3600 രൂപ ) ആണ്.

ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കുക എന്നതാണ് മോസില്ലയുടെ ഉദ്ദേശ്യം.നിലവില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഇന്റക്സ് , സ്പൈസ് എന്നിവയുമായി മോസില്ല ധാരണ ഉണ്ടാക്കിയിട്ടുണ്ട്.

ZTE , അല്‍ക്കാടെല്‍ എന്നിവയുമായി ചേര്‍ന്ന് നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനും മോസില്ല പദ്ധതിയിടുന്നുണ്ട്.നിലവില്‍ മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌, ആന്‍ഡ്രോയിഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ഇന്ത്യന്‍ വിപണിയെ കീഴടക്കിയിരിക്കുന്നത്.ഇവര്‍ക്ക് മോസില്ല ഭാവിയില്‍ ഒരു വെല്ലുവിളിയാകും എന്നാണു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.