ഇറാക്കില്‍ പോരാട്ടം രൂക്ഷം, ഭീകരരുടെ ലക്ഷ്യം ബാഗ്ദാദ്

single-img
13 June 2014

map_of_iraqഅല്‍ക്വയ്ദ ബന്ധമുള്ള സുന്നി ഭീകരര്‍ ഇറാക്കിന്റെ പ്രധാന നഗരങ്ങള്‍ കീഴടക്കി മുന്നേറുന്നതിനിടെ എണ്ണസമ്പന്നമായ കിര്‍കുക്കിന്റെ നിയന്ത്രണം കുര്‍ദുകള്‍ പിടിച്ചെടുത്തു. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവാന്‍ഡ് പ്രവര്‍ത്തകര്‍ ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിനെ ലക്ഷ്യമിട്ടു മുന്നേറുകയാണ്. ഫലത്തില്‍ ഇറാക്ക് ശിഥിലമാകുന്ന അവസ്ഥ സംജാതമായിക്കഴിഞ്ഞു.

ഇറാക്കും സിറിയയും ഉള്‍ക്കൊള്ളിച്ചു സുന്നി സാമ്രാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പോരാടുന്ന ഐഎസ്‌ഐഎല്‍ കഴിഞ്ഞദിവസം ഇറാക്കിലെ ഫലൂജയും മൊസൂളും കീഴടക്കിയിരുന്നു. ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ജന്മനഗരമാണ് തിക്രിത്ത്. ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാക്ക് സൈന്യം അവിടെ നിന്നു പിന്‍വാങ്ങിയിരുന്നു.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ചൊവ്വാഴ്ചയാണ് ഭീകരര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. ആളപായം, പരിക്കേറ്റവരുടെ എണ്ണം തുടങ്ങിയവയുടെ വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.