ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകച്ചോര്‍ച്ച : 6 മരണം ; 30 പേര്‍ ആശുപത്രിയില്‍

single-img
13 June 2014
  • റായ്പൂര്‍ : ഛത്തിസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്നു ആറുപേര്‍ മരിച്ചു.ഇതില്‍ രണ്ടു ഡെപ്യൂട്ടി മാനേജര്‍മാറും ഉള്‍പ്പെടും.മുപ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.മരിച്ചവരില്‍ നാലുപേര്‍ പ്ലാന്റ് വര്‍ക്കര്‍മാരാണ്.വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ആണ് ജോലിക്കാര്‍ നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് ചോര്‍ന്നത്‌.കാര്‍ബണ്‍ മോണോക്സൈഡ് , നിറമോ മണമോ ഇല്ലാത്ത വാതകമാണ്.ശ്വസിക്കുന്നയാളുകള്‍ ബോധരഹിതരായി വീഴുമ്പോള്‍ മാത്രമേ ഇതിന്റെ സാന്നിധ്യം അറിയാന്‍ കഴിയൂ.

സംഭവം നടക്കുന്ന സമയത്ത് സി ഐ എസ് എഫിന്റെ ഒരു മോക്ക് ഡ്രില്‍ നടക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും കൂടുതല്‍ ദുരന്തം ഉണ്ടാകുന്നത് ഒഴിവാക്കാനും കഴിഞ്ഞു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മുപ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.ഇവരെ ഐ സി യൂവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.21 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.