സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും പടരുന്നു

single-img
13 June 2014

fweverമഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും പടരുന്നു. മഴക്കാലപൂര്‍വ ശുചീകരണവും കൊതുകു നാശനവുമൊക്കെ പതിവുപോലെ ഇക്കൊല്ലവും പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. ഡെങ്കിപ്പനി, എലിപ്പനി, വൈറല്‍ പനി എന്നിവയാണ് കൂടുതല്‍ കാണുന്നതെന്നും ജലജന്യരോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ജമീല പറഞ്ഞു. വ്യാഴാഴ്ച മാത്രം 12,611 പേര്‍ പനിക്ക് ചികിത്സ തേടി.

 

വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ മാത്രം 1840 പേര്‍ ചികിത്സ തേടി. 12 പേര്‍ ഡെങ്കിപ്പനിക്കും പത്തുപേര്‍ എലിപ്പനിക്കും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം കുന്നത്തുകാലില്‍ ഒമ്പതുവയസ്സുള്ള കുട്ടി മരിച്ചത് പനിമൂലമാണെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും പനിബാധിതര്‍ ആയിരത്തിന് മേലാണ്.

 

ചെള്ളുപനി ബാധിതരുടെ എണ്ണം ആറുമാസത്തിനിടെ സംസ്ഥാനത്ത് 105 ആയി ഉയര്‍ന്നു. ഇതില്‍ 85 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. മൂന്നു മുതല്‍ അഞ്ചുവരെ ദിവസം വേണ്ടിവരും സാധാരണ വൈറല്‍പനി ഭേദമാകാന്‍. പനിയുള്ളപ്പോള്‍ ചൂടുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കുടിക്കുന്നതും ഗുണകരമാണ്.

 

പനിക്കൊപ്പം ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറവ്, ശ്വാസ തടസ്സം, ഭക്ഷണം കഴിക്കാന്‍ പറ്റാതാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.കൊതുകുനാശനം ഊര്‍ജിതമാക്കണം

 
വെള്ളം കെട്ടാന്‍ സാധ്യതയുള്ള ടയര്‍, കുപ്പി, ടിന്‍, കാന്‍, വീപ്പ മുതലായവ നീക്കം ചെയ്യണം. കൂളര്‍, ഫ്രിഡ്ജിന് പുറത്തെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം എന്നിവ ആഴ്ചയിലൊരിക്കല്‍ വെള്ളംമാറ്റി വൃത്തിയാക്കണം. ജലസ്രോതസ്സുകള്‍ മലിനമാകരുത്. കിണറുകള്‍ ഇടക്കിടെ ക്ലോറിനേറ്റ് ചെയ്യണം.