കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നു വി എസ്

single-img
13 June 2014

തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖല കുളംതോണ്ടുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും വി എസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 13 കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം കോളേജുകളില്‍ യുജിസി സംഘം പരിശോധന നടത്തിയിരുന്നു. അന്തിമ പരിശോധനയ്ക്ക് വേണ്ടി യുജിസി സംഘം ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സന്ദര്‍ശിക്കും. യുജിസി സംഘത്തെ കോളജില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി എസ്എഫ്‌ഐ പ്രതിഷേധമുയര്‍ത്തുകയാണ്.

രാവിലെ 8.45നും വൈകുന്നേരം നാലുമണിക്കും ഇടയിലാണ് യുജിസി സംഘം യൂണിവേഴ്‌സിറ്റി കോളേജിലെത്തുക.വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്ന് ഇന്നലെ തന്നെ കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും രാവിലെ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കോളേജിലെത്തി. യുജിസി സംഘത്തെ കോളേജിനുള്ളിലേക്ക് കടത്തില്ലെന്ന തീരുമാനത്തില്‍ ഗേറ്റ് അടച്ച് പ്രതിഷേധിക്കുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.