കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ നീക്കം തുടങ്ങി

single-img
12 June 2014

petrol pumpകേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ നീക്കം തുടങ്ങി. ഡീസല്‍ വിലനിയന്ത്രണം നീക്കുന്നതിനുള്ള ശുപാര്‍ശ കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു.

പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അവകാശം യുപിഎ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്കു നല്‍കിയിരുന്നു. ഇപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും നീക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഒരു ലിറ്റര്‍ ഡീസല്‍ 1.65 രൂപയുടെ നഷ്ടത്തിലാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു.

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഓരോ മാസവും 50 പൈസ ഡീസലിന് കൂട്ടിയിരുന്നു. ഇനി വലിയ വിലവര്‍ദ്ധനവ് ആവശ്യമില്ലെന്ന് വാദിച്ച് വിലനിയന്ത്രണം നീക്കാന്‍ ഈ നടപടി എന്‍ഡിഎ പ്രയോജനപ്പെടുത്തുകയാണ്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിയന്ത്രണം തത്കാലം നീക്കില്ലെന്നു പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.