എല്ലാകണ്ണുകളും ബ്രസീലിലേക്ക്

single-img
12 June 2014

Fifaലോകം ഇന്നു മുതല്‍ ഒരു പന്തിന്റെ പിറകേ പായുകയാണ്. സിരകളില്‍ ആവേശവും കണ്ണുകളില്‍ പ്രതീക്ഷയും നിറച്ച്‌ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒരേ മനസ്സാലെ ഏറ്റെടുത്ത മതം- ഫുട്‌ബോള്‍- നാലു വര്‍ഷം കൂടുമ്പോള്‍ അതിന്റെ പാരമ്യതയില്‍ എത്തുന്ന സമയം. ബ്രസീലില്‍ ഇന്നുമുതല്‍ പന്തുരുണ്ടു തുടങ്ങുമ്പോള്‍ ലോകം എല്ലാംമറന്ന് ബ്രസീലിലേക്ക് നോക്കുന്നു.

ലോകകപ്പ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ബ്രസീലില്‍ ഒരുക്കിയിരിക്കുന്നത്. 600 കലാകാരന്മാര്‍ പങ്കെടുക്കുന്ന ആഘോഷമാണ് കൊറിന്ത്യന്‍സ് അരീനയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്നത്. ബ്രസീലിന്റെ പാരമ്പര്യ നൃത്തരൂപങ്ങള്‍ അണിനിരക്കും. സാംബ സംഗീതവും നൃത്തവും ചടങ്ങിനു മാറ്റേകും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

കൂടാതെ പോപ്, റോക്ക് ഗാനങ്ങളും ഉദ്ഘാടനത്തില്‍ അവതരിപ്പിക്കും. സ്റ്റേഡിയവും പരിസരവും ബ്രസീലിന്റെ നിറങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബ്രസീലിലെ ആരാധകര്‍ക്കും പ്രകൃതിക്കും ഫുട്‌ബോളിനുമുള്ള സമ്മാനമാണ് ഈ ഉദ്ഘാടന ആഘോഷങ്ങളെന്ന് ഷോ ഡയറക്ടര്‍ ഡെഫിന്‍ കോര്‍നസ് പറഞ്ഞു.

ലോകപ്രശസ്ത പോപ് സിംഗര്‍ ജെന്നിഫര്‍ ലോപ്പസ് ഉദ്ഘാടന മഹാമഹത്തില്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കാന്‍ പിറ്റ്പുളിനും ക്ലൗഡിയ ലെയ്ച്ചിക്കുമൊപ്പമെത്തും. ജന്നിഫര്‍ ലോപ്പസിന്റെ വക്താവ് പീപ്പിള്‍ മാഗസിനോടാണ് ഇതു വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ സമയം രാത്രി 11.45നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഏതാണ്ട് അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് ബ്രസീല്‍ -ക്രൊയേഷ്യ മത്സരം.